പൊലീസുക്കാര്‍ ഇനിമുതല്‍ സഭ്യേതര ഭാഷ ഉപയോഗിക്കരുതെന്ന കർശന നിർദേശവുമായി ഡിജിപി. പൊലീസിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന്റെതാണ് തീരുമാനം. തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിപി ലോക്‌നാഥ് ബെഹറയാണ് അവതരിപ്പിച്ചത്.
പൊതുജനങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തണമെന്നും സാധാരണക്കാരുടെ ദുഃഖവും വേദനയും മനസ്സിലാക്കി അനുകമ്പയോടെ പെരുമാറണമെന്നുമാണ് മാര്‍ഗനിര്‍ദേശത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്ത് പരാതിയുണ്ടായാലും അതിന് ഉത്തരവാദി ആ ഉദ്യോഗസ്ഥന്‍ മാത്രമായിരിക്കുമെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ആരോപണ വിധേയനായ ഉദ്യോഗസ്ഥനു തന്നെയായിരിക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
മാത്രമല്ല അന്വേഷണ കാലയളവില്‍ ആരോപണവിധേയനെ തല്‍സ്ഥാനത്തു നിന്നു മാറ്റിനിര്‍ത്തുകയും ചെയ്യും. കസ്റ്റഡിയില്‍ എടുത്തയാളോടുള്ള സമീപനം സംബന്ധിച്ചു സര്‍ക്കാരും മനുഷ്യാവകാശ കമ്മിഷനുകളും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.സ്റ്റേഷനില്‍ ലഭിക്കുന്ന പരാതിയില്‍ സ്വീകരിച്ച നടപടികളും അന്വേഷണ വിവരങ്ങളും കൃത്യമായ ഇടവേളകളില്‍ എസ്‌എംഎസ് സന്ദേശം ആയോ നേരിട്ടോ പരാതിക്കാരെ അറിയിക്കണം. സീനിയര്‍ ഓഫീസറെ കാണാന്‍ ഉദ്ദേശിക്കുന്ന പരാതിക്കാര്‍ക്ക് എത്രയും പെട്ടെന്ന് അതിനുള്ള സംവിധാനമൊരുക്കുകയും വേണം.