ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാ നിരോധനം;  യുവജന സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം

കടുവാ സങ്കേതത്തിലൂടെയുള്ള യാത്ര പൂർണമായി ഒഴുവാക്കാനുള്ള ശ്രങ്ങളാണ് പ്രതിഷേധത്തിന് വഴി വെച്ചത്.

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. കടുവാ സങ്കേതത്തിലൂടെയുള്ള യാത്ര പൂർണമായി ഒഴുവാക്കാനുള്ള ശ്രങ്ങളാണ് പ്രതിഷേധത്തിന് വഴി വെച്ചത്.

ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ രാത്രി യാത്ര നിരോധനം പകലും കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ട്  പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

മാത്രമല്ല നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ്, ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു.

ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി വിവിധ സംഘടകൾ രം​ഗത്തെത്തിയത്. വിഷയത്തില്‍ അടിയന്തിരമായ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരുമടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയായിരുന്നു. 

വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ വിവിധ ജനപ്രതിനിധികളെ അടക്കം പങ്കെടുപ്പിച്ച് മൂലഹള്ള ചെക്പോസ്റ്റ് ഉപരോധിക്കുമെന്ന് സമരസമിതി അറിയിച്ചു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

Content Highlights: Indefinite hunger strike started by various youth organizations in Bathery over the ban on travel through the Bandipur Tiger Reserve.