പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകര്‍ ഹോസ്റ്റലിലേക്ക് മടങ്ങി എന്ന് ആരോപിച്ച് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധത്തില്‍. സിക്കിള്‍ സെല്‍ അനീമിയ രോഗബാധിതയായ പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ഹോസ്റ്റല്‍ വാര്‍ഡനും ആര്‍ഡിയും എത്തിച്ചത്. എന്നാല്‍ ഐസിയുവില്‍ കയറ്റിയ കുട്ടിയെ രക്ഷിതാക്കള്‍ എത്തുന്നതിനു മുമ്പു തന്നെ തനിച്ചാക്കി ഇരുവരും മടങ്ങിയെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്.
വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനും റെസിഡന്റ് ടീച്ചറും സുഹൃത്തും ചേര്‍ന്ന് പാലക്കാട് ഗവ. ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടിയെ പിന്നീട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ എത്തിച്ച കുട്ടിയെ ഐസിയുവിലേക്ക് മാറ്റിയ സന്ദര്‍ഭത്തിലാണ് ഇരുവരും കുട്ടിയെ തനിച്ചാക്കി ഹോസ്റ്റലിലേക്ക് തിരിച്ചു പോയത്. കൂടെ പോയ സുഹൃത്തിനെ പോലും അവിടെ നില്‍ക്കാന്‍ അനുവദിക്കാതെ ഇവരോടൊപ്പം കൂട്ടിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
പെണ്‍കുട്ടിയെ എസ്ടി പ്രൊമോട്ടറെ എല്‍പ്പിച്ചുവെന്നും രക്ഷിതാക്കള്‍ എത്തുമെന്നുമാണ് തിരിച്ചെത്തിയ അധ്യാപകര്‍ കുട്ടികളെ ധരിപ്പിച്ചത്. എന്നാല്‍ എസ്ടി പ്രൊമോട്ടറെ വിളിച്ച അന്വേഷിച്ച പെണ്‍കുട്ടികളോട് അധ്യാപകര്‍ തന്നെ വിളിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതരാണ് വിളിച്ചതെന്നുമാണ് പറഞ്ഞത്. ഇതോടെയാണ് അധ്യാപകര്‍ക്കെതിരെ പ്രതിഷേധവുമായി പെണ്‍കുട്ടികള്‍ മുന്നോട്ടു വന്നത്.
ട്രൈബല്‍ പ്രൊമോട്ടറായ ബിനേഷ് ആശുപത്രിയിൽ എത്തുന്നതിനു മുമ്പു തന്നെ അധ്യാപകര്‍ തിരിച്ചു പോയിരുന്നു. ഹോസ്റ്റല്‍ പെണ്‍കുട്ടികള്‍ അധ്യാപകരുടെ ഈ നടപടിക്കെതിരെ പ്രതിഷേധിക്കുകയും പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും ചെയ്തു. കുറക്കാരായ ഇവര്‍ക്കെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം.
അതേസമയം കൃത്യസമയത്ത് കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ എത്തിക്കേണ്ടതു കൊണ്ടാണ് ആശുപത്രിയില്‍ നിര്‍ത്താതെ കൂടെ ക്കൂട്ടിയതെന്നും പെണ്‍കുട്ടിയെ ഒറ്റയ്ക്ക് നിര്‍ത്താന്‍ കഴിയില്ലെന്നുമാണ് അധ്യാപകരുടെ വിശദീകരണം. എസ്ടി പ്രൊമോട്ടറെ ആശുപത്രിയില്‍ എത്തിക്കുന്നതിന് നടപടികള്‍ ചെയ്തിരുന്നുവെന്നുമാണ് ആശുപത്രിയില്‍ കൂടെ പോയ അധ്യാപികയായ ഷേര്‍ലിയുടെ വാദം.
ഹോസ്റ്റല്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ തങ്ങളുടെ സുഹൃത്തിനോട് ചെയ്ത അനീതിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് ഇപ്പോള്‍. പെണ്‍കുട്ടികള്‍ തന്നെ ഫേസ്ബുക്കിലൂടെ ഇത് അറിയിച്ചിരുന്നു.
വിക്ടോറിയയിൽ പെൺകുട്ടികളുടെ പ്രതിഷേധം
Posted by Udayaswani Kuzhalmannam on Friday, 27 September 2019
Content Highlights: Palakkad Gov. Victoria college hostel students strike.