വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി എംപി നാളെ വയനാട്ടില്‍ എത്തും. നാളെ രാവിലെ ഒമ്പത് മണിയോടെ ആണ് രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തുക. അതേസമയം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍പിള്ളയും ഇന്ന് സമരക്കാര്‍ക്ക് പിന്തുണ അറിയിക്കാന്‍ എത്തും.
എന്നാല്‍ നിരാഹാരം ഇരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് സാധ്യത. എന്നാല്‍ സമരം തുടങ്ങിയിട്ട് ഇത്ര ദിവസമായിട്ടും കളക്ടര്‍ അടക്കം ആരും തങ്ങളെ ഇതുവരെ തിരിഞ്ഞു നോക്കിയില്ലെന്നും അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ തടയുമെന്നും സമരക്കാര്‍ വ്യക്തമാക്കി.അതേസമയം പ്രശ്നത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷമായി കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് നിരോധനം നിലവില്‍ വന്നിട്ട്. ഇതിന് ഇടയില്‍ യാത്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെയാണ് വയനാട്ടില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.