എസ് മണികുമാര്‍ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

S manikumar Kerala high court chief justice

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് മണികുമാര്‍  സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവം തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

നിലവിലെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച്‌ പോകുന്ന സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ന്യായാധിപനായ ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചിരിക്കുന്നത്. ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ സുപ്രീംകോടതി കൊളീജിയം ഓഗസ്റ്റ് അവസാനം ശുപാര്‍ശ ചെയ്തിരുന്നു.

1983 ൽ എൻറോൾ ചെയ്ത ജസ്റ്റിസ് മണികുമാർ 22 വർഷം മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്തു. 2006 ലാണ് ജസ്റ്റിസ് മണികുമാര്‍ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായത്. കേന്ദ്രസര്‍ക്കാരിന്‍റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍, അസിസ്റ്റന്‍റ് സോളിസ്റ്റര്‍ ജനറല്‍ തുടങ്ങിയ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. നേരത്തെ അസിസ്റ്റന്‍റ് സോളിസ്റ്റര്‍ ജനറല്‍ ആ‍യും പ്രവര്‍ത്തിച്ചിട്ടുണ്ട്.