മരട് ഫ്ളാറ്റ് കേസില്‍ നാലു ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിന്റെ ആദ്യപടിയായി ഹോളി ഫെയ്ത്തിന്റെ 18 കോടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ബില്‍ഡേഴ്സിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച് റവന്യൂ, രജിസ്ട്രേഷന് വകുപ്പുകള്‍ക്ക് നിർദ്ദേശം നൽകി.
ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ അക്കൗണ്ടുകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനോടകം ബില്‍ഡേഴ്സിന്റെ 200 അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടുകൾ കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കാന്‍ രജിസ്ട്രേഷന് ഐജിയോടും ലാന്‍ഡ് റവന്യു കമ്മീഷണറോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു കഴിഞ്ഞു.
അതേസമയം, മരടിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്കിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റ് ചെയ്ത ഹോളിഫെയ്ത്ത് ഫ്ലാറ്റ് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ ക്രൈംബ്രാഞ്ച് ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും, വഞ്ചനാക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Content highlights: The crime branch team moves to confiscate properties from flat owners in maradu. Three arrested 3 persons for violating the Marad coastal protection act.