ന്യൂഡല്‍ഹി: മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നഷ്ടപരിഹാര തുക ഇതുവരെ ആകെ നല്‍കിയത് അഞ്ച് കോടി രൂപയില്‍ താഴെ മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി. 61.50 കോടി രൂപ നഷ്ടപരിഹാരമായി നല്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. എന്നാല്‍ ഇതുവരെ ആകെ ലഭിച്ചത് 4,89,86,000 രൂപ മാത്രമാണെന്ന് സമിതി സുപ്രീംകോടതിയെ അറിയിച്ചു. പൊളിച്ച നാല് ഫ്ളാറ്റുകളുടെ ഉടമകള്‍ കൂടി നല്‍കേണ്ട തുകയില്‍ ആല്‍ഫ സെറിന്‍, ഹോളിഫെയ്ത്ത് ഫ്ളാറ്റുടമകള്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും സമിതി കോടതിയില്‍ അറിയിച്ചു.
9.25 കോടി നല്‍കേണ്ട ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയത് 2,89,86,000 രൂപയാണ്. പതിനഞ്ചര കോടി നല്‍കേണ്ട ജെയിന് ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് ആകെ നല്‍കിയത് രണ്ട് കോടി രൂപ മാത്രമാണ്. 17.5 കോടി നല്‍കേണ്ട ആല്‍ഫ സെറിനും, 19.25 കോടി നല്‍കേണ്ട ഹോളി ഫെയ്ത്തും ഇതേ വരെ ഒരു രൂപ പോലും നല്‍കിയതായി സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടില്ല. നഷ്ടപരിഹാരം നല്‍കാനായി വസ്തുക്കള്‍ വില്ക്കാന് അനുവദിക്കണമെന്ന ഫ്ളാറ്റ് നിര്‍മാതാക്കളുടെ ആവശ്യം തള്ളിയതായി സമിതി സുപ്രീംകോടതിയെ രേഖാമൂലം അറിയിച്ചിരുന്നു.
അതേസമയം, ലഭിച്ച തുകയില്‍ നിന്ന് 1,20,30,000 രൂപ സമിതിയുടെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ബാക്കിയുള്ള 3.89 കോടി രൂപയില്‍ 3.75 കോടി രൂപ സ്ഥിരനിക്ഷേപമായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമിതി സുപ്രീം കോടതിയെ അറിയിച്ചു.
Content Highlight: Maradu flat builders paid less than Rs. 5 crore for compensation






