പിഎസ്സി പരീക്ഷ ക്രമക്കേടില്‍ പ്രതികള്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതുമായി സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കി പിഎസ്സി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് മേധാവി കത്ത് നല്കി. പ്രതികളായ തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളും മുന്‍ എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ഒഴികെ മറ്റാരും കോപ്പിയടിച്ചതിന് തെളിവുകള്‍ ഇല്ലെന്നും പിഎസ്സി പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടില്ലെന്നും അതിനാല്‍ തന്നെ പ്രതികള്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് നിയമനം നല്കുന്നതില് തടസ്സമില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് നല്കിയ റിപ്പേര്‍ട്ടില്‍ പറയുന്നത്.
പിഎസ്സി ക്രമക്കേട് വലിയ വിവാദമായതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിഎസ്സി പോലീസ് കോണ്‍സ്ററബിള്‍ ബറ്റാലിയന് അഞ്ച് പരീക്ഷകളിലാണ് തട്ടിപ്പ് നടന്നത്. മൊബൈല്‍ ഫോണിന്റെ സഹായത്തോടെയാണ് പരീക്ഷ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളായ ശിവരഞ്ജിത്ത് , നസീം, പ്രണവ് എന്നിവര്‍ മൂന്നുപേരുമാണ് പിഎസ്സി പരീക്ഷ ക്രമക്കേട് നടത്തി ഒന്നും, രണ്ടും, ഇരുപത്തിയെട്ടും റാങ്കുകള്‍ നേടിയെടുത്തത്. ഇവര്‍ ക്രമക്കേട് നടത്തിയതിന് വിശദമായ തെളിവുകളുണ്ട്. പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ചോദ്യങ്ങള്‍ അയച്ചുകൊടുത്ത് തിരികെ ലഭിച്ച ഉത്തരം എഴുതിയാണ് ഇവര്‍ റാങ്ക് പട്ടികയില്‍ ഇടം നേടിയത്.
അതോടൊപ്പം തന്നെ പിഎസ്സി പരീക്ഷാ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. വിശദമായ അന്വേഷണത്തിനായി ഫോണ്‍ അടക്കമുള്ളവ പരിശോധിക്കുമെന്നും കത്തില്‍ പറയുന്നു
Content Highlights ; Crime Branch report on psc exam fraud