തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്‍ ഉണ്ടാക്കിയതിന് ഗൂഗിള്‍ നാല് ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്‍ ഉണ്ടാക്കിയതിന് ഗൂഗിള്‍ നാല് ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കമ്പനിയുടെ ഡാറ്റ സുരക്ഷാ നയങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ഗൂഗിള്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍സ് ടീം അയച്ച നോട്ടീസില്‍ വ്യക്തമാക്കി. ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലുള്ള കമ്പനിയുടെ നയങ്ങളിലും കരാര്‍ തൊഴിലാളികളോടുള്ള സമീപനത്തിലും ജീവനക്കാര്‍ പ്രതിഷേധിച്ചതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. ജീവനക്കാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാനുളള സാഹചര്യം നഷ്ടപ്പെട്ടു എന്നും പ്രതിഷേധക്കാർ  ചൂണ്ടിക്കാണിക്കുന്നു.

സീനിയര്‍ ഉദ്യോഗസ്ഥരോട് ജീവനക്കാര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കിയിരുന്ന പതിവ് യോഗങ്ങള്‍ ഗൂഗിള്‍ അടുത്തിടെയാണ് റദ്ദാക്കിയത്. കൂടാതെ യൂണിയന്‍ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനവുമായി ചേര്‍ന്ന് കമ്പനി പ്രവര്‍ത്തിക്കാനും തുടങ്ങി. രണ്ട് ജീവനക്കാരോട് അവധിയില്‍ പോകാന്‍ ഗൂഗിള്‍ നിര്‍ദേശിച്ചത് കഴിഞ്ഞ മാസമാണ്. ലോറന്‍സ് ബെര്‍ലാന്‍ഡ്, റബേക്ക റിവേഴ്‍സ് എന്നിവരാണ് അവധിയില്‍ പോയത്. ഇപ്പോള്‍ പിരിച്ചുവിട്ട നാലുപേരില്‍ രണ്ടുപേര്‍ ഇവരാണ്. പിരിച്ചുവിട്ട മറ്റു രണ്ട് ജീവനക്കാരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

ഗൂഗിളിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസിന് പുറത്ത് വെള്ളിയാഴ്ച നടന്ന റാലിയില്‍ ലോറന്‍സ് ബെര്‍ലാന്‍ഡും റബേക്ക റിവേഴ്‌സും തങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിനെക്കുറിച്ച് സംസാരിച്ചിരുന്നു. നൂറിലധികം ഗൂഗിള്‍ ജീവനക്കാരാണ് റാലിയില്‍ പങ്കെടുത്തത്. കമ്പനിയുടെ ഒരു രഹസ്യരേഖയും കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ കരാര്‍ ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് 1500 ജീവനക്കാര്‍ ഒപ്പിട്ട പരാതി ഓഗസ്റ്റില്‍ ഗൂഗിളിന് സമര്‍പ്പിച്ചത്. മനുഷ്യാവകാശങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് ഇതെന്ന് പറഞ്ഞാണ് ജീവനക്കാര്‍ എതിര്‍ത്തത്.

Content Highlight; Google fires four workers active in the labor organizing