മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സർക്കാരിന് 69 ലക്ഷം രൂപ അധിക ചിലവ്. സമീപവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ 69 ലക്ഷം രൂപ ഒറ്റത്തവണ പ്രീമിയം ആയി അടക്കേണ്ടിവരും. നാലു ഫ്ളാറ്റുകളിലെ അഞ്ചു ടവറുകൾക്കായി 125 കോടി രൂപയുടെ ഇൻഷുറൻസ് ആണ് ഏർപ്പെടുത്തുക. പൊളിക്കാൻ കരാർ എടുക്കുന്ന കമ്പനിയാണ് ഇൻഷുറൻസ് ഏർപ്പെടുത്തുകയെന്നാണ് സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് ടെൻഡറിൽ ഇത് ഉൾപ്പെടുത്താത്തതിനാലാണ് സർക്കാരിന് ഈ തുക അടക്കേണ്ടി വന്നത്.
ആദ്യം പ്രീമിയമായി 83 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് ചർച്ചകളിലൂടെ 69 ലക്ഷം ആക്കി കുറച്ചു. ജനുവരി 11 -നാണു ഫ്ലാറ്റുകളിൽ സ്ഫോടനം ആരംഭിക്കുന്നത്. അന്ന് മുതൽ ഒരുവർഷം വരെയാണ് ഇൻഷുറൻസ് കാലാവധി. ഫ്ലാറ്റിനു 50 -മീറ്റർ ചുറ്റളവിലെ വീടുകൾക്കാണ് പരിരക്ഷ. ഇതിനായുള്ള ഓഡിറ്റ് ബുധനാഴ്ച ആരംഭിക്കും. സ്ഫോടനത്തിനു ശേഷവും ഓഡിറ്റ് നടത്തും. പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയാണ് ഇൻഷുറൻസ് നൽകുന്നത്.
Content Highlights: maradu flat demolition