മയക്കുമരുന്ന് കേസ്; മൂന്നു മാസത്തിനിടെ സൗദി അറേബ്യയിൽ പിടിയിലായത് 5,067 ആളുകൾ

drug sellers in Saudi Arabia

മയക്കുമരുന്ന് കേസിൽ മൂന്നുമാസത്തിനിടെ സൗദി അറേബ്യയിൽ പിടിയിലായത് 5,067 ആളുകൾ. മയക്കുമരുന്ന് കടത്ത്, വിപണനം, ഉപഭോഗം, ഗതാഗതം എന്നീ വകുപ്പുകള്‍ പ്രകാരമാണ് 32 രാജ്യക്കാരായ  ആളുകളെ അറസ്റ്റ് ചെയ്തതെന്ന് സൗദി നർകോട്ടിക്സ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. നിരോധിത മയക്കുഗുളിക നിർമിക്കുന്ന യന്ത്രസാമഗ്രികളും ഇവ നിർമ്മിച്ചു കൊണ്ടിരുന്ന ഒരു പ്രാദേശിക നിർമാണ കേന്ദ്രവും കണ്ടെത്തുകയും അവ അടപ്പിക്കുകയും ചെയ്തു. ഈ കേന്ദ്രത്തിൽ നിന്ന് ധാരാളം മയക്കുഗുളികകൾ പിടിച്ചെടുത്തിട്ടുണ്ട്.

സൗദി കസ്റ്റംസിന്റെ അതിർത്തി പോസ്റ്റുകളിലെ കർശന ജാഗ്രതയും പഴുതടച്ച പരിശോധനയും മൂലം മയക്കുമരുന്ന് കടത്താൻ കഴിയാതെ ബദൽമാർഗം തേടുകയാണെന്നും മറ്റ് ആവശ്യങ്ങൾക്കുള്ളത് എന്ന വ്യാജേന ഇറക്കുമതി ചെയ്യുന്ന യന്ത്രങ്ങൾ ഉപയോഗിച്ച് രാജ്യത്ത് നിർമാണകേന്ദ്രങ്ങൾ സ്ഥാപിച്ച് ഇവിടെ തന്നെ മയക്കുഗുളികകൾ നിർമിക്കാനാണ് പുതിയ നീക്കമെന്നും വെളിപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തി അടച്ചുപൂട്ടുകയും ഉത്തരവാദികളെ പിടികൂടി കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാക്കുകയും ചെയ്തുവരികയാണ്. 54 ലക്ഷം മയക്കുഗുളികകൾ, ആറ് ടൺ ഹഷീഷ്, 1.4 കിലോ കൊക്കൈൻ, 2.9 കിലോ ഹെറോയിൻ, കൂടാതെ മറ്റ് പല രൂപങ്ങളിലുമുള്ള മയക്കുമരുന്നുകൾ എന്നിവയാണ് മൂന്നു മാസത്തിനിടെ കണ്ടെത്തിയതെന്ന് നർക്കോട്ടിക്സ് ഡയറക്ടറേറ്റ് വ്യക്തമാക്കി. 420 വിവിധയിനം ആയുധങ്ങളും ഒരു കോടിയിലേറെ റിയാലും മയക്കുമരുന്ന് കടത്തുകാരിൽ നിന്ന് പിടികൂടിയിട്ടുണ്ട്.

Content highlights; 5067 drug sellers arrested within three months in Saudi Arabia