നിർഭയ കേസിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കി സുപ്രീം കോടതി

nirbhaya case

നിർഭയ കേസിലെ പ്രതികൾക്ക് വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി. കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്‍റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളുടെ വധശിക്ഷയിൽ പുനഃപരിശോധന ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എ എസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്‌.

ആരേയും കൊലപ്പെടുത്തുവാനുള്ള അവകാശം ആർക്കും ഇല്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതി അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. രാവിലെ ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ച് ആണ് മുപ്പത് മിനിട്ട് വാദം നടത്താന്‍ അഭിഭാഷകന് അനുമതി നല്‍കിയത്. അതിനു ശേഷം ഉച്ചയ്ക്കാണ് കോടതി വിധി പറഞ്ഞത്. അക്ഷയ് സിങ്ങിന്റെ പുനഃപരിശോധനാ ഹർജി തള്ളിയതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു.

നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനഃപരിശോധന ഹര്‍ജിയിൽ കൊണ്ടുവരാൻ പ്രതിഭാഗത്തിന് കഴിയാത്തതിനാലാണ് പുനഃപരിശോധന ഹർജി കോടതി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി. പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു.

Content Highlight: nirbhaya case supreme court dismisses fourth convicts plea