സംസ്ഥാന സർക്കാർ കർണാടകയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നത് 100% ഉറപ്പാണെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ. നിയമം സംസ്ഥാനത്തു നടപ്പിലാക്കുമെന്നു ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് യെഡിയൂരപ്പയുടെ പ്രതികരണം. ബിൽ പാർലമെൻ്റ് പാസാക്കി രാഷ്ട്രപതി അനുമതി നൽകുകയും ചെയ്തതോടെ നിയമമായി തീർന്നു. അതിനാൽ തന്നെ കർണാടകയ്ക്കും ബാധകമാണെന്നാണ് ബൊമ്മൈ പറഞ്ഞത്.
ഈ നിയമം വഴി ബിജെപി-കേന്ദ്രസർക്കാർ വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവയ്ക്കുകയാണെന്നു൦ രാജ്യത്തെ മതനിരപേക്ഷത നശിപ്പിക്കുകയാണെന്നും ദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി അഭിപ്രായപ്പെട്ടു. കോൺഗ്രസും വിഷയം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമം ഇവിടെ നടപ്പാക്കാൻ ശ്രമിച്ചാൽ കർണാടക കത്തുമെന്നാണ് യു.ടി.ഖാദർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെഡിയൂരപ്പക്കു മുന്നറിയിപ്പ് നൽകിയത്. യു.ടി.ഖാദറിന്റെ പാകിസ്ഥാൻ ബന്ധുക്കൾക്ക് ഒരു കാരണവശാലും ഇന്ത്യൻ പൗരത്വം നൽകില്ലെന്നും 2002ൽ ഗോധ്രയിൽ ട്രെയിനിനു തീവച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് ഓർക്കണമെന്നും സി.ടി രവി പറഞ്ഞു.
മന്ത്രിസഭാ വികസനം ഈ മാസം ഉണ്ടാവില്ലെന്നും പാർട്ടി ദേശീയ നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്യാൻ ഈ മാസം പാർട്ടി പ്രസിഡൻ്റ് അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ സന്ദർശിക്കുമെന്നും യെഡിയൂരപ്പ കൂട്ടിച്ചേർത്തു.
Content highlight: ‘Karnataka to implement CAA’ says B S Yediyurappa