മംഗ്ളൂരുവിൽ റിപ്പോർട്ടിംഗ് തടഞ്ഞ് പോലീസ്; മലയാളി മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ

CAA protest in magalore

പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ട മംഗ്ളൂരുവിൽ മലയാളികൾ അടക്കമുള്ള മാധ്യമ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ മംഗ്ളൂരുവിൽ നടന്ന സംഘർഷത്തിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമ പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് എത്തി മാധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് സംഘത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മാധ്യമ സംഘത്തിൽ നിന്ന് ഫോണുകളും, ക്യാമറയും പോലീസ് പിടിച്ചെടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. മംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: CAA protest in Mangalore