യുഎ സർട്ടിഫിക്കറ്റുമായി ‘മരക്കാർ’ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സെൻസറിങ് പൂര്‍ത്തിയായി

marakkar arabikadalinte simham

‘ഒപ്പ’ത്തിനുശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന  ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സെൻസറിങ് പൂര്‍ത്തിയായി. സെൻസർ‌ ബോർഡ് അംഗങ്ങൾക്കായി ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് സെൻ‌സർ ബോർ‌ഡിൽ നിന്ന് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരും കോൺഫിഡന്‍റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നു നിർമ്മിക്കുന്ന സിനിമ, മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിളാണ് മരക്കാറിന്‍റേയും കലാസംവിധായകന്‍.

ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റി, ഊട്ടി, രാമേശ്വരം തുടങ്ങി നിരവധി ലൊക്കേഷനുകളിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടത്തിയത്. മോഹൻലാലിന് പുറമെ മധു, പ്രഭു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നാല് മരയ്ക്കാര്‍മാരില്‍ നാലാമത്തെ മരയ്ക്കാറുടെ കഥയാണ് ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റേതായി പുറത്തുവിട്ടിട്ടുള്ള ചില വിഷ്വലുകൾ സിനിമയുടെ ദൃശ്യവിസ്മയം വിളിച്ചോതുന്നവയുമാണ്. 2020 മാര്‍ച്ച് 19നാണ് ചിത്രം തീയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.

Content highlight; censoring has been completed. Big budget movie ‘marakkar’ released worldwide on 19 March 2020