സദാചാരം ഇനിയുമവസാനിക്കാതെ; രാത്രി ബൈക്കിൽ സഞ്ചരിച്ച യുവതിക്കും മക്കൾക്കും നേരെ ആക്രമണം, അസഭ്യം

moral policing in kerala

ക്രിസ്മസ് ദിനത്തിൽ അമ്മയെ കണ്ട് രാത്രി മക്കൾക്കൊപ്പം ബൈക്കിൽ മടങ്ങിയ യുവതിയെയും മക്കളെയും ബൈക്കിലെത്തിയ സംഘം മർദിച്ചു. മർദ്ദനമേറ്റ കുറ്റിച്ചൽ കല്ലറതോട്ടം ആർ.കെ.വില്ലയിൽ രജിയുടെ ഭാര്യ സുനിത(38) മക്കളായ സൂരജ്(22) സൗരവ്(19) എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അക്രമികളെ കണ്ടെത്താൻ ഇതുവരെ പൊലീസിനു സാധിച്ചിട്ടില്ല.

ബുധൻ രാത്രി കുടുംബ വീട്ടിൽ പോയി സുനിതയുടെ അമ്മയെ കണ്ടശേഷം മക്കളുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് പോകവെ 11 മണിയോടെ പൂവച്ചലിന് സമീപം മുളമൂട്ടിൽ വച്ചാണ് കുടുംബത്തെ ആക്രമിച്ചത്. പിന്നിൽ നിന്ന് 2 ബൈക്കുകളിൽ വന്നവർ അമ്മയെയും മക്കളെയും കൂക്കി വിളിച്ച് അസഭ്യം പറഞ്ഞ് പിന്നാലെ കൂടിയിരുന്നു. ബൈക്ക് നിർത്തി മകൻ ചോദ്യം ചെയ്തതോടെ അവർ അമ്മയെയും മക്കളെയും മർദിക്കുകയായിരുന്നു.

അമ്മയും മക്കളുമാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും അക്രമികൾ വിട്ടില്ല. മക്കൾ ചെറുത്ത് നിൽപ്പ് തുടർന്നതോടെ അക്രമികൾ ഫോണിൽ കൂടുതൽ പേരെ വിളിച്ച് വരുത്തി. മിനിറ്റുകൾക്കുള്ളിൽ കാറിലെത്തിയ 2 പേരും അക്രമികൾക്കൊപ്പം ചേർന്ന് അമ്മയെയും മക്കളെയും മർദിച്ചു. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ അക്രമികൾ വാഹനങ്ങളുമായി കടന്നുകളഞ്ഞു.

അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അക്രമികളിലൊരാളുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് വന്നതാണെന്ന് മനസിലാക്കി വിട്ടയച്ചു. പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി രാത്രി തന്നെ വീടുകളിലെത്തിയെങ്കിലും കണ്ടെത്താനായില്ല

Content highlights; moral policing is not over yet. Attack against family in kattakada