പൗരത്വ നിയമത്തിനെതിരേ കോലം വരച്ചവരെ അറസ്റ്റ് ചെയ്തു; ചോദിക്കാനെത്തിയ അഭിഭാഷകരും കസ്റ്റഡിയിലായി

kolam protest in chennai

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയില്‍ കോലം വരച്ച്‌ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ചെന്നൈ ബസന്ത് നഗര്‍ ബസ് ഡിപ്പോയ്ക്ക് മുന്നില്‍ പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധ കോലങ്ങള്‍ വരച്ചവരെയാണ് പിടികൂടിയത്.

ഏഴുപേരെയാണ് രാവിലെ ഒമ്പതുമണിയോടെ ചെന്നൈ ബസന്ത് നഗര്‍ ബസ് ഡിപ്പോയ്ക്ക് മുന്നില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഇവരെ തൊട്ടടുത്ത കമ്യൂണിറ്റി സെൻ്ററിലേക്ക് മാറ്റി. ഇവരെ അറസ്റ്റ് ചെയ്തതിൻറെ കാരണം അന്വേഷിക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ അഭിഭാഷകരെ ഉള്‍പ്പെടെയുള്ള മൂന്ന് പേരെയും സമരത്തിൻറെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ എല്ലാവരെയും പത്തുമണിയോടെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തുവെന്ന് സമരക്കാര്‍ ആരോപിച്ചു.

രാവിലെ 8.30 ഓടെയാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ ബസന്ത് നഗറില്‍ പ്രതിഷേധ കോലങ്ങള്‍ വരച്ചുതുടങ്ങിയത്. ‘നോ ടു സിഎഎ’, ‘നോ ടു എന്‍ആര്‍സി’, ‘നോ ടു എന്‍പിആര്‍’ തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയാണ് ഇവര്‍ കോലം വരച്ചിരുന്നത്. അനധികൃതമായി സംഘം ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന കുറ്റം പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്.

Content highlight; kolam protest against CAA in Chennai police detained five from Basant Nagar