പള്ളിമണിക്ക് പകരം ബാങ്കൊലി മുഴങ്ങി; നമസ്‌കാര വേദിയായി പള്ളിമുറ്റം

namaz in kerala christian church

ഇതാണ് മതേതര കേരളമെന്ന സന്ദേശം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ചരിത്രത്തിലാദ്യമായി കോതമംഗലം മാര്‍ത്തോമ ചെറിയപളളിയുടെ മൈക്കിലൂടെ ബാങ്ക് വിളി മുഴങ്ങി. പൗരത്വ നിയമഭേദഗതിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സെക്യുലര്‍ മാര്‍ച്ചിന്റെ സമാപന വേദിയായിരുന്നു കോതമംഗലം ചെറിയ പള്ളി. വൈകിട്ട് സമയം 6.17 ആയതോടെ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ പള്ളിമണികൾ നിശ്ചലമായി. പകരം മൈക്കിലൂടെ ഉയർന്നത് ബാങ്കൊലികൾ ആയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുവാറ്റുപുഴയിൽ നിന്നും കോതമംഗലം വരെ നടത്തിയ സെക്ക്യുലർ യൂത്ത് മാർച്ചിൽ പങ്കെടുക്കാനെത്തിയ വിശ്വസികൾക്കുള്ള നമസ്ക്കാരത്തിനാണ് കോതമംഗലം പള്ളി വേദിയായത്. സെക്യുലര്‍ മാര്‍ച്ചിനിടെ ഇസ‍്‍ലാം മത വിശ്വാസികള്‍ മഗ്‍രിബ് നമസ്കരിച്ചത് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ വെച്ചായിരുന്നു. മുനവറലി ശിഹാബ് തങ്ങളാണ് നമസ്ക്കാരത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞ 25 ദിവസമായി മാർത്തോമ പള്ളിയങ്കണത്തിൽ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന സമര പരമ്പരക്കുള്ള പിന്തുണ കൂടിയായി മാറുകയായിരുന്നു ഈ മഗ്‍രിബ് നമസ്ക്കാരം.

Content Highlight; kothamangalam marthoma Christian church became a place for namaz