ടീ ഷര്‍ട്ടില്‍ പാമ്പിൻറെ ചിത്രം; പത്തുവയസ്സുകാരൻറെ വസ്ത്രം അഴിപ്പിച്ചു

പാമ്പിൻറെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച സ്റ്റീവ് ലൂക്കസ് എന്ന പത്തുവയസുകാരനോട് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അധികൃതര്‍. സൗത്ത് ആഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗ് റ്റാംബോ എയര്‍പോര്‍ട്ടിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പരാതിയുമായെത്തിയതോടെയാണ് പുറത്തറിയുന്നത്.

ന്യൂസിലാന്‍ഡുകാരനായ ലൂക്കസ്, മാതാപിതാക്കളോടൊപ്പം സൗത്ത് ആഫ്രിക്കയിലുള്ള തൻറെ മുത്തശ്ശിയെ കണ്ടു മടക്കയാത്രയ്ക്കെത്തിയപ്പോഴാണ് എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വസ്ത്രം അഴിപ്പിച്ചത്. പച്ച നിറമുള്ള ഒരു പാമ്പിൻറെ ചിത്രമായിരുന്നു ടീ ഷര്‍ട്ടിലുണ്ടായിരുന്നത്. ഇത് മറ്റ് യാത്രക്കാര്‍ക്കിടയില്‍ ഉത്ക്കണ്ഠ പരത്തുമെന്ന് അറിയിച്ചാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പായി വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടത്.

ഒടുവില്‍ വസ്ത്രം ഊരി തിരിച്ചിട്ടാണ് ലൂക്കസ് വിമാനത്തില്‍ കയറിയത്. വിമാനയാത്രയില്‍ പാലിക്കേണ്ട വസ്ത്ര മര്യാദകളുണ്ടെന്നും മറ്റുള്ളവരെ ഭീതിയിലാക്കുന്ന തരം വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും യാത്രയില്‍ അനുവദിക്കില്ലെന്നും അധികൃതര്‍ പറയുന്നു. കണ്ടാല്‍ പേടിപ്പെടുത്തുന്നത് പോലുള്ള പ്രിൻ്റാണ് സ്റ്റീവിൻറെ വസ്ത്രത്തിലുണ്ടായിരുന്നതെന്നും എല്ലാ യാത്രക്കാരുടെയും സന്തോഷവും സുരക്ഷിതത്വവുമാണ് തങ്ങൾക്ക് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.

Content highlight; 10-year-old-boy asked to remove t-shirt on New Zealand flight it had a picture of a snake on it