കേരളസഭയെ പ്രശംസിച്ച രാഹുൽ ഗാന്ധിയുടെ കത്ത് പഴയതെന്ന് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധി സാമാന്യ മര്യാദയുടെ പേരിൽ അയച്ചൊരു കത്താണ് അതെന്നും മുഖ്യമന്ത്രി അത് ദുരുപയോഗപ്പെടുത്തിയത് ശരിയായില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളസഭയിലേക്ക് എംപിമാരെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രി എല്ലാ എംപിമാർക്കും അയച്ചപ്പോൾ രാഹുൽ ഗാന്ധിക്കും അയച്ചിരുന്നു. അതിന് മറുപടി നൽകുക മാത്രമാണ് രാഹുൽ ഗാന്ധി ചെയ്തത്. ഇതിന് ശേഷമാണ് കേരളത്തിൽ യു ഡി എഫ് യോഗം ചേരുകയും കേരളസഭയെ എതിർത്തുകൊണ്ടുളള നിലപാട് യു ഡി എഫ് സ്വീകരിക്കുകയും ചെയ്തത്. എന്നാൽ ഈ രാഷ്ട്രീയ നിലപാട് മനസ്സിലാക്കുന്നതിനു പകരം രാഹുലിന്റെ പേര് ദുരുപയോഗപ്പെടുത്തുകയാണു മുഖ്യമന്ത്രി ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് കാലത്തുപോലും ഇടതുപക്ഷത്തോട് രാഹുൽ പുലർത്തിയ മര്യാദ കേരളത്തിനറിയാമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അതേ സമയം രാഹുല്‍ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കേണ്ടെന്നും അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
content highlights: KC Venugopal reacted to Rahul Gandhi ‘s letter