നിർഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായി പുതിയ തൂക്കുമരം തന്നെ തിഹാർ ജയിലിൽ തയ്യാറായി കഴിഞ്ഞു. ഇതോടെ നാല് പ്രതികളെ ഒരേസമയം വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ആദ്യത്തെ ജയിലായി തിഹാർ മാറും. നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം തികയുമ്പോഴാണ് കേസിലെ പ്രതികളായ നാല് പേര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വരുന്നത്. ഈ ജയിലിൽ ഇതുവരെ ഒരു പലക മാത്രമേ തൂക്കിലേറ്റാൻ ഉണ്ടായിരുന്നുള്ളു. മൃതദേഹം വഹിക്കാനുള്ള തുരങ്കവും തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടും നിർമ്മിക്കാൻ കഴിഞ്ഞ ദിവസം ജയിൽ വളപ്പിൽ ജെസിബി എത്തിച്ച് പണികൾ തുടങ്ങി കഴിഞ്ഞിരുന്നു.
ഇതിനിടെ ദയാ ഹർജി സമർപ്പിക്കുന്നതിന് മുമ്പ് തിരുത്തൽ ഹർജി നൽകാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച നാല് പ്രതികളിൽ മൂന്നു പേർ തിഹാർ ജയിൽ അധികൃതരോട് പറഞ്ഞിരുന്നു. കുറ്റവാളിക്ക് അവസാനമായി സാധ്യമാകുന്ന നിയമ മാർഗമാണിത്. ഡിസംബർ 18ന് കേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂർ സമർപ്പിച്ച പുനഃപരിശോധ ഹർജി സുപ്രീംകോടതി തള്ളിയതിന് ശേഷമാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്
2012 ഡിസംബർ 16 ന് രാത്രിയായിരുന്നു അറുപേർ ചേർന്ന് നിർഭയ എന്ന 23 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ആറ് പ്രതികളിൽ ജുവൈനലായ പ്രതി ശിക്ഷാ കാലാവധി പൂർത്തിയാക്കി ജയിൽ മോചിതനായി. മറ്റൊരു പ്രതിയെ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ബാക്കിയുള്ള നാല് പേരാണ് തിഹാർ ജയിലിൽ മരണം കാത്ത് കിടക്കുന്നത്.
Content Highlights: Tihar jail ready to hang all accused in nirbhaya case