‘അതൊരു വെടക്ക് കോളജാണ്’; ജെ.എന്‍.യുവിന് പിന്തുണയുമായി ‘വാങ്ക്’ അണിയറ പ്രവർത്തകർ

ജെ.എൻ.യുവിലെ വിദ്യാർഥികൾക്ക് പിന്തുണയുമായി കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം വാങ്ക്. ചിത്രത്തിലെ ഒരു രംഗം പോസ്റ്റ് ചെയ്താണ് ജെ.എൻ.യുവിന് പിന്തുണയുമായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയത്. ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് വാങ്ക്. അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തനിക്ക് ജെ.എൻ.യുവിൽ പഠിക്കാനാണ് താത്പര്യം എന്ന് അനശ്വരയുടെ കഥാപാത്രം പറയുമ്പോൾ അതൊരു വെടക്ക് കോളജ് ആണെന്ന് കൂടെയുള്ള കഥാപാത്രം പറയുന്നു. ജവഹർലാൽ നെഹ്റുവിന്റെ പേരുള്ളതുകൊണ്ടാണോ എന്ന് അനശ്വരയുടെ കഥാപാത്രം ചോദിക്കുന്നു. പിന്നാലെ ജെ.എൻ.യുവിനൊപ്പം എന്നെഴുതിക്കാണിക്കുന്നു. ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. അര്‍ജുന്‍ രവിയാണ് ഛായാഗ്രഹണം.

Content Highlights: “vaanku” movie new teaser supporting JNU