ജെ.എൻ.യുവിന് സ്വാമി വിവേകാനന്ദന്റെ പേര് നൽകണമെന്ന് ആവശ്യപെട്ട് ബിജെപി നേതാവ് രംഗത്ത്

bjp leader says to rename JNU after swami Vivekananda

ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റാണമെന്ന് ആവശ്യപെട്ട് ബിജെപി നേതാവ് രംഗത്ത്. ബിജെപി ജനറൽ സെക്രട്ടറി സി ടി രവിയാണ് ജെഎൻയുവിന് സ്വാമി വിവേകാനന്ദന്റെ പേര് നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ജെഎൻയു കാമ്പസിൽ വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി സ്ഥാപിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു ആവശ്യം ട്വിറ്ററിലൂടെ ഉന്നയിച്ചിരിക്കുന്നത്.

ഭാരതം എന്ന ആശയത്തിനു വേണ്ടി നില കൊണ്ട ആളാണ് സ്വാമി വിവേകാനന്ദനെന്നും അദ്ധേഹത്തിന്റെ തത്വങ്ങളും മൂല്യങ്ങളും ഭാരതത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നതെന്നും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയെ സ്വാമി വിവേകാനന്ദ യൂണിവേഴ്സിറ്റിയെന്ന് പുനർനാമകരണം ചെയ്യുകയാണ് വേണ്ടതെന്നും സി ടി രവി ട്വീറ്റ് ചെയ്തു. കൂടാതെ ഭാരതത്തിന്റെ ദേശ സ്നേഹിയായ സന്യാസിയുടെ ജീവിതം വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

രവിയുടെ ട്വീറ്റിന് പിന്നാലെ ബിജെപി ഡൽഹി വക്താവ് തേജിന്ദർപാൽ സിങ് ബഗ്ഗ, മനോജ് തിവാരി എന്നിവരടക്കം മറ്റ് ബിജെപി നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ പേര് മാറ്റം ആവശ്യപെട്ട് ഇതിനു മുൻപും ബിജെപി നേതാവ് രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവ് ഹൻസ് രാജ് ഹൻസായിരുന്നു ജെഎൻയുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിടണമെന്ന ആവശ്യവുമായി നേരത്തെ രംഗത്ത് വന്നത്.

Content Highlights; bjp leader says to rename JNU after swami Vivekananda