നിർഭയ കേസ്; വധശിക്ഷക്കെതിരെ സുപ്രിംകോടതിയിൽ തിരുത്തല്‍ ഹര്‍ജി നൽകി പ്രതി

nirbhaya case

നിർഭയ കേസിലെ വധശിക്ഷക്കെതിരെ പ്രതികളിലൊരാൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുത്തൽ ഹർജിയാണ്​ പ്രതികളിലൊരാളായ വിനയ്​ ശർമ സുപ്രീം കോടതിയിൽ നൽകിയത്​. കേസിലെ പ്രതികളെ തൂക്കിലേറ്റാൻ മരണവാറണ്ട്​ പുറപ്പെടുവിച്ചതിന്​ പിന്നാലെയാണ്​ നീക്കം. അഭിഭാഷകര്‍ മുഖേനയാണ് വിനയ് ശര്‍മ്മ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയത്. പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ദയാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം വേണമെന്ന് നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഈ മാസം 22 ന് രാവിലെ ഏഴുമണിക്ക് പ്രതികളെ തൂക്കികൊല്ലാനാണ് പട്യാല കോടതിയുടെ വിധി. പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തര്‍ പ്രദേശ് ജയില്‍ വകുപ്പ് ആരാച്ചാരെ വിട്ടുനല്‍കും. പ്രതികളെ തൂക്കിക്കൊല്ലാനുള്ള കയര്‍ ബക്‌സര്‍ ജയിലില്‍ നിന്നെത്തിക്കും. പത്ത് തൂക്ക് കയറുകള്‍ നല്‍കാനാണ് ജയില്‍ ഡയറക്‌ട്രേറ്റില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുത്തല്‍ ഹര്‍ജി നല്‍കിയതോടെ ശിക്ഷാ നടപടികള്‍ ഇനിയും നീണ്ടുപോകുമോ, സുപ്രീംകോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഇനി നിര്‍ണ്ണായകമാകുന്നത്. 2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്തു.

Content Highlights: nirbhaya case accused on court