പൗരത്വ നിയമ വിശദീകരണത്തിന്‍റെ പേരിൽ അപവാദ പ്രചാരണം നടത്തുന്നു; വയനാട് കളക്ടർ അദീല

collector

ബി.ജെ.പി.യുടെ പൗരത്വനിയമഭേദഗതി വിശദീകരണപ്രചാരണത്തിനിടെ വയനാട് കളക്ടർ ഡോ. അദീല അബ്ദുള്ള ലഘുലേഖ കൈപ്പറ്റിയ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വിവാദമായി. ബി.ജെ.പി. നേതാക്കളിൽനിന്ന് പൗരത്വനിയമഭേദഗതി വിശദീകരിക്കുന്ന ലഘുലേഖ കൈപ്പറ്റുമ്പോൾ എടുത്ത ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നെന്ന് വയനാട് ജില്ലാ കളക്ടർ അദീല കെ അബ്ദുല്ല. കഴിഞ്ഞ ദിവസം കളക്ട്രേറ്റിലെത്തിയ ബിജെപി പ്രവർത്തകർ ലഘുലേഖ കൈമാറുന്ന ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.

ജില്ലയുടെ ഭരണാധികാരി എന്ന നിലയിൽ ഓഫീസിൽ വരുന്നവരെ കാണുന്നതും അവർക്ക് പറയാനുള്ളത് കേൾക്കുകയും അപേക്ഷകളോ എഴുത്തുകളോ നൽകുന്നത് വാങ്ങുകയും ചെയ്യുന്നത് തൻറെ ചുമതലയാണെന്നും അത് നിറവേറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് കളക്ടറുടെ വിശദീകരണം.

ചിത്രത്തിന് തെറ്റിദ്ധരിപ്പിക്കുന്നതും അപമാനിക്കുന്നതുമായ കമന്‍റുകളാണ് വന്ന് കൊണ്ടിരിക്കുന്നതെന്ന് കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ജില്ലാ കളക്ടറെന്ന നിലയിൽ ആർക്കും തന്നെ സന്ദർശിക്കാവുന്നതും പരാതികളും അഭിപ്രായങ്ങളും അറിയിക്കാവുന്നതാണെന്നും പറഞ്ഞ കളക്ടർ എന്നാൽ ഈ സാഹചര്യങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാൻ പാടില്ലെന്ന് പറയുന്നു.

ഫോട്ടോയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിൽ നിന്ന് ഫോട്ടോയെടുത്തവർ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. ലഘുലേഖ നൽകിയപ്പോൾ താൻ നൽകിയ മറുപടിയും തുടർന്നുള്ള ചർച്ചയിൽ പറഞ്ഞ നിലപാടുകളും ഈ ചിത്രത്തിനൊപ്പം പ്രചരിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നെന്നും അവർ പറഞ്ഞു.

സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന കമന്‍റുകൾ അനുവദനീയമല്ലെന്നും തെറ്റായ കമന്‍റുകൾ ഇട്ടവർക്കെതിരെ നിലവിലുള്ള നടപടി പ്രകാരം കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. നവംബർ ഏഴിനായിരുന്നു പൗരത്വ നിയമ വിശദീകരണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ കളക്ടർ അദീലയെ സന്ദർശിച്ചത്.

Content highlights; Wayanad collector Adheela Abdulla controversy