3000 തമിഴ് അഭയാര്‍ത്ഥികള്‍ ശ്രീലങ്കയിലേക്ക്; പുനരധിവാസ നടപടി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ശ്രീലങ്ക 

Tamil refugees

ഇന്ത്യയില്‍ ജോലി ചെയ്‌തു ജീവിക്കുകയോ കുടുംബമായി താമസിക്കുകയോ ചെയ്യുന്ന തമിഴ് അഭയാര്‍ത്ഥികളില്‍ നിന്നുള്ള 3,000 പേര്‍ ശ്രീലങ്കയിലേക്ക് മടങ്ങും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ധനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ ശ്രീലങ്കയില്‍ പുനരധിവസിപ്പിക്കുകയാണ് ചെയ്യുക. അടുത്ത കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ ഇവരെ ശ്രീലങ്കയിലേക്ക് മാറ്റുന്ന നടപടി പൂര്‍ത്തിയാക്കുമെന്ന് ദിനേശ് ഗുണവര്‍ധന വ്യക്തമാക്കി.

ഇന്ത്യയില്‍ നിലവിൽ 90,000 ശ്രീലങ്കന്‍ തമിഴ് വംശജരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 60,000 പേരെ തിരികെ സ്വീകരിക്കാന്‍ ശ്രീലങ്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ ശ്രീലങ്കയില്‍ എത്തിക്കുന്ന നടപടി എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന കാര്യം ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടില്ല. കരാറും ധാരണയും അനുസരിച്ച്‌ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്നും ഇന്ത്യ തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ദിനേശ് ഗുണവര്‍ധന അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്ക പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കൻ തമിഴ് അഭയാര്‍ത്ഥികളില്‍ 30,000 പേര്‍ ഇന്ത്യയില്‍ ജോലി ചെയ്തും കുടുംബമായി താമസിക്കുകയും ചെയ്യുന്നവരാണ്. അതിൽ പലരും ഇന്ത്യ വിട്ട് പോകാന്‍ വിസമ്മതിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Content highlights: 3000 Tamil refugees to Sri Lanka, Sri Lanka is to complete the rehabilitation process within a few months