പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍

Muslim league

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പുതിയ ഹര്‍ജികളുമായി മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ. യു.പി സര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളും എന്‍.പി.ആര്‍ നടപടിയും സ്റ്റേ ചെയ്യണമെന്നുമാണ് മുസ്‌ലിം ലീഗിന്‍റെ ആവശ്യം. നിയമം താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്‍ലിം ലീഗ് നേരത്തെ തന്നെ പൌരത്വ ബില്ലിനെതിരായ റിട്ട് ഹർജി നല്‍കിയ സമയത്തു തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പോലും കൊണ്ടു വന്നിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ നിലവിലില്ലാത്ത ഒരു നിയമം സ്റ്റേ ചെയ്യുന്നതില്‍ പ്രസക്തിയില്ല എന്നായിരുന്നു അന്ന് സുപ്രീംകോടതി പറഞ്ഞത്.

ഉത്തർപ്രദേശിൽ പൗരത്വ നിയമം നടപ്പാക്കാൻ തുടങ്ങി എന്ന് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞു. സുപ്രീംകോടതി തീരുമാനം വരുന്നത് വരെ നടപടികൾ സ്റ്റേ ചെയ്യണമെന്നും ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ കണക്കെടുപ്പും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടണമെന്നും ലീഗ് ആവശ്യപ്പെട്ടു. പൗരത്വ നിയമ ദേദഗതിക്കെതിരെ തുടക്കം മുതൽ കടുത്ത വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉയര്‍ന്നത്. നിരവധി അപേക്ഷകളാണ് പൗരത്വ നിയമം സംബന്ധിച്ച് സുപ്രീം കോടതിയിൽ ഉള്ളത്. 22 നാണ് ഹര്‍ജികൾ സുപ്രീംകോടതി പരിഗണിക്കുന്നത്. കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി നൽകിയിട്ടുണ്ട്.

Content Highlights: Muslim league approach supreme court regarding citizenship amendment bill