പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സിനിമകളിലൂടെ

CAA protests

പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യ സിനിമകള്‍ കോര്‍ത്തിണക്കി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ ചലച്ചിത്ര-സാംസ്‌കാരിക-അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മേള സംഘടിപ്പിക്കുന്നത്. ജനുവരി 18,19 തിയതികളിലായാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. നടി പാര്‍വതി തിരുവോത്ത്, സംവിധായകരും എഴുത്തുകാരുമായ സക്കരിയ, മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, സുഹാസ്, ശറഫു, കലാ സംവിധായകന്‍ അനീസ് നാടോടി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ‘ആനിമാണി’ എന്ന ചിത്രമാണ് മേളയിലെ പ്രധാന ആകര്‍ഷണം. ദി ഫോട്ടോഗ്രാഫര്‍ ഓഫ് ദി മോഹ്ത്സ് , ഇന്‍ ഡാര്‍ക്ക്‌നെസ്, ദി ബോയ് ഇന്‍ സ്ട്രിപ്പിട് പൈജാമാസ്, മൈ ഫ്യൂറര്‍-റിയല്‍ ട്രൂവസ്റ്റ് ട്രൂത്ത് എബൗട്ട് അഡോള്‍ഫ് ഹിറ്റ്‌ലര്‍, ഫിറാഖ് തുടങ്ങിയ സിനിമകളും മേളയിൽ പ്രദര്‍ശിപ്പിക്കും.

സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പ്രമുഖ സര്‍വകലാശാലയിലെ ഗവേഷകര്‍ പങ്കെടുക്കുന്ന പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. ഡോ എ.കെ വാസു (എഴുത്തുകാരന്‍), ശഫത് മഖ്ബൂല്‍ വാനി (ജെഎന്‍യുവില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥി), ഡോ ഡിക്കന്‍സ് ലിയോനാര്‍ഡ് എം (ഹൈദരബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും.

Content Highlights: protests against the citizenship amendment bill through films