കളിക്കാവിള പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവത്തിൽ മുഖ്യ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി പോലീസ്. അബ്ദുള്‍ സമീം, തൗഫീക്ക്
എന്നിവർക്കെതിരെയാണ് യുഎപിഎ. പ്രതികൾക്ക് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് യുഎപിഎ ചുമത്തിയത്. അതേസമയം, പോലീസിന്‍റെ റിമാൻഡ് റിപ്പോര്‍ട്ടിൽ യുഎപിഎ സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ലെന്നാണ് പറയുന്നത്.
തീവ്രവാദസംഘടനയുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്നും സംഘടനയുടെ ആശയമാണ് നടപ്പാക്കിയതെന്നുമാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയത്. ഭരണസംവിധാനത്തിനെതിരെയുള്ള പോരാട്ടം എന്ന നിലയിലാണ് കൊല നടത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ വിൽസനുനേരെ
മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ വെടിയുതിർത്തത്. സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലിനിടെയായിരുന്നു വിൽസനുനേരെ ആക്രമണമുണ്ടായത്. വില്‍സണ്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു.
പ്രതിയായ മുഹമ്മദ് ഷെമീമിന് ഐഎസ് ബന്ധമുള്ള ചിലരുമായി ബന്ധമുണ്ടെന്ന് ബെംഗളൂരു പോലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. ഇയാളുടെ ബെംഗളൂരുവിലെ വീട് കേന്ദ്രീകരിച്ചായിരുന്നു കൊലപാതകത്തിന്‍റെ ആസുത്രണം നടന്നത്. നിരോധിത സംഘടനയായ സിമിയുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
content highlights: police imposed uapa on accused people on kaliyikkavila murder case