നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവിയോട് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ ആവശ്യം. പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവില്‍ ആശാദേവി നിരാശ പ്രകടിപ്പിച്ച വാര്‍ത്ത റീ ട്വീറ്റ് ചെയ്ത്‌ക്കൊണ്ടായിരുന്നു ഇന്ദിരാ ജെയ്‌സിങിൻ്റെ പോസ്റ്റ്.
നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. അങ്ങനെയിരിക്കുമ്പോള്‍ തന്നെ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് ഞാന്‍ ആശാദേവിയോട് അഭ്യര്‍ത്ഥിക്കുന്നതായും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, എന്നാല്‍ വധശിക്ഷക്ക് എതിരാണെന്നും ഇന്ദിരാ ജെയ്‌സിങ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, ഇതിന് മറുപടിയുമായി ആശാ ദേവിയും രംഗത്തെത്തി. അത്തരമൊരു നിര്‍ദേശം തൻ്റെ മുന്നില്‍ വെക്കാന്‍ ഇന്ദിരാ ജെയ്‌സിങ് ആരാണെന്ന് അവര്‍ ചോദിച്ചു. പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകള്‍ കാരണം ബലാത്സംഗത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്നും ആശാ ദേവി പറഞ്ഞു. ബലാത്സംഗികളെ പിന്തുണച്ച് ഇത്തരം ആളുകള്‍ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങള്‍ അവസാനിക്കുന്നില്ലെന്നും ആശാ ദേവി കൂട്ടിച്ചേര്‍ത്തു.
Content Highlights: Advocate Indira jaising urges nirbhaya’s mother to forgive convicts