വ്യാജനോട്ടുകളില്‍ ഏറ്റവും കൂടുതൽ രണ്ടായിരം രൂപയുടേതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോർട്ടുകൾ

fake currency

രാജ്യത്ത് പിടികൂടുന്ന വ്യാജനോട്ടുകളില്‍ അഞ്ചില്‍ ഒന്നുവീതം അതീവ സുരക്ഷ സംവിധാനങ്ങളോടെ പുറത്തിറക്കിയ രണ്ടായിരം രൂപയുടേതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പുറത്തുവിട്ടു. 2018ല്‍ രാജ്യത്ത് പിടികൂടിയ വ്യാജ നോട്ടുകളില്‍ 56 ശതമാനവും 2000 രൂപയുടെതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2018 ല്‍ മാത്രം രണ്ടായിരം രൂപയുടെ 54,776 വ്യാജ നോട്ടുകളാണ് രാജ്യത്ത് പിടികൂടിയത്. 17.95 കോടി മൂല്യം വരുന്ന 2,57,243 വ്യാജ നോട്ടുകളാണ് ഇക്കാലയളവില്‍ ആകെ പിടികൂടിയത്. 2018 എറ്റവും കൂടുതല്‍ വ്യാജനോട്ടുകള്‍ പിടികൂടിയത് ഗുജറാത്തില്‍ നിന്നാണ്. ഒരുകോടി ഇരുപത്തിമൂന്ന് ലക്ഷം രൂപ മൂല്യം വരുന്ന 28,855 വ്യാജനോട്ടുകളാണ് ഗുജറാത്തില്‍ നിന്ന് പിടികൂടിയതെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.തമിഴ്നാടാണ് രണ്ടായിരത്തിൻറെ വ്യാജമന്‍മാര്‍ ഏറെയുള്ള സ്ഥലം.12,560 വ്യാജന്‍മാരെയാണ് ഇക്കാലയളവില്‍ തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്. പശ്ചിമ ബംഗാളില്‍ നിന്ന് 9, 615 നോട്ടുകളും പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കള്ളനോട്ടുകള്‍ വ്യാപകമായതോടെ 2000 രൂപ നോട്ടിൻറെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. പുതിയ സാമ്പത്തികവര്‍ഷം ഇതുവരെ 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ആര്‍.ബി.ഐ. നല്‍കിയിരിക്കുന്ന മറുപടി. മികച്ച രീതിയില്‍ അച്ചടിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാണെന്നും ഇത് തിരിച്ചറിയുക വെല്ലുവിളിയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) വ്യക്തമാക്കിയിരുന്നു.

2016 നവംബര്‍ 8 നാണ് രാജ്യത്തെ നോട്ട് നിരോധന പ്രഖ്യാപനം ഉണ്ടായത്. കള്ളപണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണ് നോട്ടുനിരോധനമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ വാദത്തെ തള്ളുകയാണ് കള്ളനോട്ടുകേസുകള്‍ സംബന്ധിച്ചുള്ള ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍.

Content highlights: NCRB data show fake notes of 2,000 notes make 56% of all seized fake currency