നാല് കുട്ടികളടക്കം എട്ട് മലയാളി ടൂറിസ്റ്റുകൾ നേപ്പാളിൽ മരിച്ച നിലയിൽ കണ്ടെത്തി

ight travelers from Kerala found dead inside a hotel room in Nepal

കേരളത്തിൽ നിന്നുള്ള എട്ട് ടൂറിസ്റ്റുകളെ നേപ്പാളിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അപകടം മക്വാൻപൂർ ജില്ലാ പോലീസ് മേധാവ് സുശീൽ സിങ് റാത്തോഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എവറസ്റ്റ് പനോരമ എന്ന ഹോട്ടലിൽ വെച്ചാണ് മലയാളി വിനോദ സഞ്ചാരികൾ മരിച്ചതെന്നാണ് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ടൂറിസ്റ്റുകളായ ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിൽ നിന്നുള്ള വാതകം ശ്വസിച്ച് ശ്വാസം മുട്ടി മരണം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ഒരു മുറിയിൽ രണ്ട് ഭാഗത്തായാണ് ഇവർ താമസിച്ചത്. രാവിലെ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. മുറികൾ തുറന്ന് നോക്കിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പ്രവീൺ കുമാർ നായർ, ശരണ്യ, രഞ്ജിത് കുമാർ, ഇന്ദു രഞ്ജിത്, കുട്ടികളായ ശ്രീ ഭദ്ര, അഭിനവ്, അഭി നായർ, വൈഷ്ണവ് എന്നിവരാണ് മരിച്ചത്. കുന്നമംഗലം, ചെമ്പഴന്തി സ്വദേശികളാണ് മരിച്ചത്. അബോധാവസ്ഥയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തിയ ഇവരെ വ്യോമമാർഗം വഴിയാണ് ആശുപത്രിയിലെത്തിച്ചത്. അപകട കാരണത്തെ കുറിച്ച് ബോധ്യപ്പെടാൻ എംബസി ഡോക്ടർ എത്തിയിട്ടുണ്ട്. എംബസി ഡോക്ടറിൻറെ സാന്നിധ്യത്തിലാകും പോസ്റ്റുമോർട്ടം. മരിച്ച രഞ്ജിത്തിൻറെ ഒരു കുട്ടിക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല.

15 ഇന്ത്യക്കാരടങ്ങുന്ന സംഘമായിരുന്നു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ഇവർ ഹോട്ടലിൽ എത്തിയത്. മരിച്ച എട്ടുപേരും ഒരു റൂമിലായിരുന്നു ഉണ്ടായിരുന്നത്. സംഘത്തിലെ മറ്റുള്ളവർ വേറെ മുറിയിലുമായിരുന്നു. കനത്ത തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഹീറ്റർ ഓൺ ചെയ്തിരുന്നുവെന്നാണ് വിവരം.

Content highlights: eight travelers from Kerala found dead inside a hotel room in Nepal