‘ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ത്തലാക്കണം’; സുപ്രീം കോടതിയില്‍ ഹര്‍ജി

financial aid to minorities questioned by the central government in the supreme court 

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം വഴി നല്‍കുന്ന 4,700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള അഞ്ച് പേരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത്രയും തുക ദേശീയ ന്യൂനപക്ഷ കമ്മീഷന് നിയമം വഴി മാറ്റിവെച്ചത് ഹിന്ദു വിഭാഗത്തോട് ചെയ്യുന്ന വിവേചനമാണെന്നാണ് ഹര്‍ജിയിലെ വിശദീകരണം. ഹരിശങ്കര്‍ ജെയിനാണ് പരാതിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

വഖഫ് ബോര്‍ഡിനും വഖഫ് സ്വത്തുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നു. അതേസമയം, ഹിന്ദു സമുദായത്തിനും ഹിന്ദു സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നില്ല. ഇത് മതേതരത്വം, തുല്യത എന്നിവയുടെ ലംഘനമാണെന്ന് ഹരിശങ്കര്‍ ജെയിന്‍ വാദിച്ചു. ആര് എഫ് നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി കേട്ടത്. 2019-20 ബജറ്റിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, 4,700 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. അതേസമയം, ഹര്‍ജിക്കാരുടെ ചോദ്യം പ്രസക്തമാണെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പ്രതികരിച്ചത്. മാത്രമല്ല വിഷയത്തില്‍ നാലാഴ്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടിഫൈ ചെയ്തിട്ടുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കക്കാരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല, ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. മുസ്ലിം സമുദായത്തിന് ഏറെ ഗുണം ലഭിക്കുന്ന 14 പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ന്യൂന പക്ഷങ്ങളില്‍പെട്ട ഭൂരിഭാഗം പേര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ലെന്നും ഒരു രാജ്യത്തിന് ജനതയെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും പറഞ്ഞ് വേര്‍തിരിക്കാനാകില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.

Content Highlights: financial aid to minorities questioned by the central government in the supreme court