പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാറിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. എന്നാൽ കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. 140 ഹർജികളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നത്. എന്നാൽ ഇതിൽ 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടു. നാലാഴ്ച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പൗരത്വനിയമ ഭേദഗതി നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ ഒന്നും തന്നെ പരിഗണിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.
അസമുമായി ബന്ധപ്പെട്ട ഹരജികൾ പ്രത്യേകമായി കേൾക്കണമെന്ന ആവശ്യവുമായി സി.ജെ.ഐ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ അസം വിഷയം വേറെയാക്കുന്നതിൽ രാജീവ് ധവാൻ എതിർത്തു.
നിയമത്തിൽ തന്നെ അസമിൻെറ കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും ഹർജികൾ പ്രത്യേകം പരിഗണിക്കേണ്ട കാര്യമില്ലെന്നുമാണ് ധവാൻറെ വാദം. ഭരണഘടന ബഞ്ചിന് വിടണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും പൗരത്വം നൽകി കഴിഞ്ഞാൽ അത് തിരിച്ചെടുക്കാൻ കഴിയുമോ എന്ന കാര്യങ്ങളും വ്യക്തമാക്കണമെന്നും രാജീവ് ധവാന്‍ പറഞ്ഞു.
content highlights: There is no stay in the Citizenship Amendment Act