പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിക്ക് മുന്നില്‍ രാത്രിയില്‍ പ്രതിഷേധവുമായി സ്‌ത്രീകള്‍

women protest at supreme court

പൗരത്വ നിയമ ഭേദഗതിയ്ക്ക് എതിരെ സുപ്രീം കോടതിക്ക് മുന്നില്‍ അസാധാരണ പ്രതിഷേധം സംഘടിപ്പിച്ച്‌ സ്‌ത്രീകള്‍. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അമ്പതിലേറെ സ്‌ത്രീകൾ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്‌ സുപ്രീം കോടതിക്ക് മുന്നില്‍ ഒത്തു കൂടിയത്. പിന്‍ജ്ര ടോഡ് ആക്ടിവിസ്റ്റ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാത്രി പതിനൊന്ന് മണിയോടെയാണ് പ്രതിഷേധം അരങ്ങേറിയത്.

സുപ്രീം കോടതിക്ക് മുന്നില്‍ ഭഗവന്‍ റോഡിന് സമീപം കുത്തിയിരുന്ന പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച്‌ നീക്കി. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രീം കോടതിയുടെ സുരക്ഷ ശക്തമാക്കി.

അതിനിടെ, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ഹര്‍ജികള്‍ പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 144 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു കേസില്‍ ഇത്രയും അധികം ഹര്‍ജികള്‍ വരുന്നത്. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹര്‍ജിയായതിനാല്‍ അത് പ്രത്യേകം പരിഗണിക്കാനാകും സാധ്യത.

Content Highlights: Women protest against citizenship bill at night before the Supreme Court