പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പ്രീ ബജറ്റ് യോഗത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിര്‍മലാ സീതാരാമൻ്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ അവരോട് രാജി ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്ന് ചവാന്‍ വിമര്‍ശിച്ചു. സാധാരണയായി ധനകാര്യ മന്ത്രാലയമാണ് പ്രീ ബജറ്റ് യോഗം നടത്താറുള്ളത്. ധനമന്ത്രിയുടെ അധ്യക്ഷതയിലാണ് ബജറ്റിൻ്റെ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാകാറുള്ളത്. മോദിയുടെ നേതൃത്വത്തില്‍ 13 പ്രീ ബജറ്റ് വിദഗ്ധ കൂടിയാലോചനാ യോഗങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഒന്നില്‍ പോലും നിര്‍മല സീതാരാമനെ ക്ഷണിച്ചില്ല.
ഇതില്‍ നിന്നും മനസിലാകുന്നത് നിര്‍മലയുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി തൃപ്തനല്ല എന്നതാണ്. അങ്ങനെയെങ്കിൽ അവരോട് രാജി ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്നും ചവാന്‍ പറഞ്ഞു. ധനമന്ത്രിയെ പുറത്ത് നിര്‍ത്തുന്നത് ധനമന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാരെയുടെയും ആത്മവീര്യം ചോര്‍ത്തുന്ന നടപടിയാണെന്നും, പ്രധാന മന്ത്രിയാണ് ധനമന്ത്രാലയം നിയന്ത്രിക്കുന്നതെങ്കില്‍ ബജറ്റ് പ്രസംഗം നിര്‍മല സീതാരാമനെ കൊണ്ട് ചെയ്യിപ്പിക്കാതെ അതും സ്വന്തമായി ചെയ്യുകയാണ് വേണ്ടതെന്നും ചവാന്‍ വിമര്‍ശിച്ചു.
സമ്പദ്വ്യവസ്ഥ വന്‍ തകര്‍ച്ചയിലാണെന്നും, വളര്‍ച്ച നിരക്കിലും, പ്രതിശീര്‍ഷ വരുമാനത്തിലും വര്‍ധനവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തില്‍ എത്താന്‍ കഴിയില്ലെന്നും പൃഥിരാജ് ചവാന്‍ ചൂണ്ടിക്കാട്ടി.
Content Highlights: Nirmala sitharaman not being invited for pre-budget meets by pmo says Prithviraj Chavan