നിർഭയ കേസിലെ പ്രതികളുടെ അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി

nirbhaya case

നിർഭയ കേസിലെ പ്രതികളുടെ അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് നോട്ടീസിലുള്ളത്. എന്നാൽ നോട്ടീസിന് ഇവർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. സ്വത്ത് ഉണ്ടെങ്കില്‍, അത് മറ്റൊരാള്‍ക്ക് കൈമാറാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും മതപുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോയെന്നുമുളള ചോദ്യങ്ങളും നോട്ടീസിലുണ്ട്.

ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രായപൂർത്തിയായിരുന്നില്ലെന്ന് കാട്ടി പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ അപ്പീലും തളളിയിരുന്നു.

വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതിയുടെ അവകാശത്തിന് പ്രാധാന്യം നല്‍കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മരണവാറണ്ട് പുറപ്പെടുവിച്ചശേഷം ദയാഹര്‍ജി നല്‍കാനുള്ള സമയം ഒരാഴ്ചയായി വെട്ടിക്കുറയ്ക്കണം, തിരുത്തല്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിനു സമയം നിശ്ചയിക്കണം എന്നിവയായിരുന്നു കേന്ദ്രത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍. നിര്‍ഭയ പ്രതികളുടെ വധശിക്ഷ വൈകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം.

content highlights : The Nirbhaya case gave notice of the accused’s ultimate intentions