സൈനിക സ്‌കൂളുമായി ആര്‍എസ്എസ്; ആദ്യത്തേത് ഉത്തര്‍പ്രദേശില്‍ ആരംഭിക്കും

ആർ.എസ്.എസിൻ്റെ ആദ്യ സൈനിക സ്കൂള്‍ ഉത്തര്‍പ്രദേശില്‍ ഏപ്രിലില്‍ ആരംഭിക്കും. സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് സഹായിക്കുന്ന പരിശീലനങ്ങള്‍ നല്‍കാനാണ് സ്കൂളുകളെന്നാണ് ആർ.എസ്.എസിൻ്റെ അവകാശ വാദം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് ആദ്യ സ്‌കൂള്‍ ആരംഭിക്കുന്നത്. അന്തരിച്ച ആര്‍.എസ്.എസ് മുന്‍ മേധാവി രജ്ജു ഭയ്യയുടെ പേരിലാണ് സ്‌കൂള്‍. ഔദ്യോഗിക വിദ്യാഭ്യാസത്തിന് പുറമെ സൈനിക മേഖലയില്‍ പ്രവേശിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ആർ.എസ്.എസിൻ്റെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാ ഭാരതിക്കാണ് സ്കൂളിൻ്റെ ചുമതല. ഏപ്രില്‍ മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

സി.ബി.എസ്.ഇ പാഠ്യ പദ്ധതിയാണ് സ്‌കൂളില്‍ പിന്തുടരുക. പൂര്‍ണമായും റെസിഡന്‍ഷ്യല്‍ രീതിയിലുള്ള സ്‌കൂളാണ് തുടങ്ങാന്‍ പോകുന്നത്. ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളെയാണ് ഉൾക്കൊള്ളിക്കുക. സൈനിക സേവനത്തിനിടെ വീര മൃത്യുവരിച്ചവരുടെ മക്കള്‍ക്കായി എട്ട് സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്. മാര്‍ച്ച് ഒന്നിനാണ് രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കായി പ്രവേശന പരീക്ഷ നടത്തുക. പ്രവേശനം എൻ‌ട്രൻസ് മുഖേനയായിരിക്കുമെന്നും നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാകും സ്‌കൂളില്‍ നല്‍കുക എന്നും വിദ്യാഭ്യാരതി വ്യക്തമാക്കുന്നു.

Content Highlights: first RSS army school to begin from April in Uttar Pradesh