കൊറോണ വെെറസ്; ചെെനയിൽ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 106 ആയി

coronavirus more than hundred death reported from china

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേര്‍ക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറമെ അമേരിക്ക ഉള്‍പ്പെടെ 13 സ്ഥലങ്ങളിലായി 50 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. വുഹാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് കാനഡ നിര്‍ദേശിച്ചു. ചൈനയിലെ വൈറസ് ബാധിത പ്രവിശ്യകളിലുള്ള കോണ്‍സുലേറ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്ന് ഒഴിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

ഡല്‍ഹിയില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. വിദേശ കാര്യ മന്ത്രലായത്തിനായിരിക്കും ഇതിൻ്റെ ചുമതല. ഇതിനായി ചൈനയുടെ സഹായം ഇന്ത്യ തേടും. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ B747 വിമാനം അയക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് പ്രത്യേക സര്‍വ്വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Content Highlights: coronavirus more than hundred death reported from china