പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനക്ക് 10-12 ദിവസങ്ങള്‍ മതിയെന്ന് നരേന്ദ്ര മോദി

Narendra Modi

പൗരത്വ നിയമ ഭേദതിയെക്കുറിച്ച്‌ പ്രതിപക്ഷം അനാവശ്യ ഭീതി പടര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാകിസ്താനില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ ശ്രമിക്കുന്നില്ലെന്നും മോദി പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചു കൊണ്ട് പാകിസ്താന്‍ സൈന്യം പരസ്യമിറക്കിയെന്നും മോദി ആരോപിച്ചു. ഡല്‍ഹിയില്‍ എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ അയല്‍ രാജ്യം നമുക്കെതിരായി മൂന്ന് തവണ യുദ്ധം ചെയ്ത് പരാജയപ്പെട്ടത് നമുക്കറിയാം. അതുകൊണ്ട് തന്നെ അവരെ പരാജയപ്പെടുത്താന്‍ നമ്മുടെ സായുധസേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ ആവശ്യമില്ലെന്നും മോദി വ്യക്തമാക്കി. പതിറ്റാണ്ടുകളായി അവര്‍ ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തി വരുന്നുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് ജവാന്മാര്‍ക്കും സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് അവര്‍ക്കെതിരെ സൈനിക നടപടി എടുക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുമുണ്ട്. എന്നാല്‍ രാജ്യം ഇന്ന് യുവ ചിന്തകളോട് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതാണ് മിന്നലാക്രമണവും, വ്യോമാക്രമണവുമൊക്കെ. തീവ്രവാദികളെ അവരുടെ വീടുകളിലെത്തിയാണ് പാഠം പഠിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

അച്ചടക്കവും നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമുള്ള യുവാക്കളുള്ള ഒരു രാജ്യത്തെ വികസനത്തിൻ്റെ പാതയില്‍ ആര്‍ക്കും തടയാനാവില്ലെന്നും, യുവത്വമുള്ള നല്ലൊരു ജനസംഖ്യ ഇന്ത്യയിലുണ്ട്, അതില്‍ അഭിമാനിക്കുന്നു എന്നും മോദി കൂട്ടിച്ചേര്‍ത്തു. നേരത്തെ കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല മൂന്ന് നാല് കുടുംബങ്ങള്‍ ശ്രമിച്ചത്. മറിച്ച്‌ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയായിരുന്നു അവര്‍. ഇതിൻ്റെ ഫലമായി ഭീകരത വളര്‍ന്ന് ആയിര കണക്കിന് ആളുകള്‍ പാലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Content Highlights: Narendra Modi said that our armed forces just need only 10-12 days to defeat Pakistan