യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടന് അനുമതി നല്‍കുന്ന ബ്രെക്സിറ്റ് ബില്ലിന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി.യൂറോപ്പുമായുള്ള 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ബ്രിട്ടന്‍ പടിയിറങ്ങുന്നത്.
യൂറോപ്യന്‍ യൂണിയനിൽ നിന്നും ബ്രിട്ടന് പുറത്തുകടക്കാൻ ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പാസാക്കിയ ബില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും എലിസബത്ത് രാജ്ഞിയും ഒപ്പുവെച്ചതോടെ കഴിഞ്ഞ ദിവസമാണ് നിയമമായത്. തുടർന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ ബില്‍ വോട്ടിനിട്ടു.
751 അംഗ പാര്‍ലമെന്‍റില്‍ 621 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്‍തു. 49 പേര്‍ എതിര്‍ക്കുകയും 13 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. വോട്ടെടുപ്പിൽ ബ്രെക്സിറ്റ് ബില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചതോടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. വോട്ടെടുപ്പിന് ശേഷം പാര്‍ലമെന്‍റംഗങ്ങള്‍ എഴുന്നേറ്റുനിന്ന് പരമ്പരാഗത സ്‍കോട്ടിഷ് ഗാനമായ ഓള്‍ഡ് ലാങ് സൈനെ ആലപിച്ചുകൊണ്ട് ബ്രിട്ടന് വിടചൊല്ലി. ജനുവരി 31-ന് രാത്രി 11.30നാണ് ബ്രെക്സിറ്റ് നടപ്പാകുന്നത്.
ബ്രെക്സിറ്റ് നടപ്പായാലും തുടര്‍ന്നുള്ള 11 മാസങ്ങള്‍ പരിവര്‍ത്തനകാലമാണ്. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള മറ്റു പ്രധാന കാര്യങ്ങളെല്ലാം ഈ കാലയളവില്‍ ചര്‍ച്ച ചെയ്യും. വ്യാപാര ഉടമ്പടികളുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളെല്ലാം അതിനുശേഷമാണ് ഉണ്ടാവുക.
യുകെയ്ക്ക് 73 അംഗങ്ങളാണ് യൂറോപ്യന്‍ പാര്‍ലമെന്‍റിലുള്ളത്. ഇവരുടെ അവസാന സമ്മേളനം കൂടിയായിരുന്നു ബുധനാഴ്‍ച നടന്നത്. ബ്രിട്ടന്‍ പടിയിറങ്ങുമ്പോൾ ബ്രസ്സല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്‍റിന് മുന്നിലെ ബ്രിട്ടീഷ് പതാക താഴ്‍ത്തും. ബ്രസ്സല്‍സിലെ ബ്രിട്ടീഷ് മ്യൂസിയത്തിന് മുന്നിലാകും പിന്നീട് ഈ പതാക ഉയര്‍ത്തുക.
Content highlights: European Parliament Approves Brexit Bill Britain Will Be Out Of European Union