പൗരത്വ ഭേദഗതി നിയമം റൗലത്ത് ആക്ടുമായി താരതമ്യം ചെയ്‌ത്‌ ഊർമിള മതോണ്ഡ്​കർ

Urmila Matondkar

പൗരത്വ ഭേദഗതി നിയമത്തെ ബ്രിട്ടീഷ്​ കാലഘട്ടത്തിലെ റൗലത്ത്​​ നിയമവുമായി താരതമ്യം ചെയ്​ത് നടിയും രാഷ്​ട്രീയ പ്രവർത്തകയുമായ​ ഊർമിള മതോണ്ഡ്​കർ. മഹാത്​മാഗാന്ധിയുടെ ചരമ വാർഷിക ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഊർമിള ഈ പരാമർശം നടത്തിയത്.

‘‘1919ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഇന്ത്യയിൽ അശാന്തി പടർന്നു പിടിച്ചിരുന്നെന്നും അത്​ രണ്ടാം ലോകമഹായുദ്ധത്തോടെ വർധിക്കുമെന്നും ബ്രിട്ടീഷുകാർക്ക്​ അറിയാമായിരുന്നു. അതുകൊണ്ട്​ അവർ റൗലത്ത്​ ആക്​ട്​ എന്ന പേരിൽ അറിയപ്പെട്ട നിയമം കൊണ്ടു വന്നു.’’ എന്നായിരുന്നു ഊർമിള മതോണ്ഡ്​കർ പറഞ്ഞത്​. എന്നാൽ പ്രസംഗത്തി​ൽ രണ്ടാം ലോകമഹായുദ്ധത്തെകുറിച്ച് പറഞ്ഞപ്പോൾ വർഷം പരാമർശിച്ചതിൽ​ തെറ്റു പറ്റി​. 1939 മുതൽ 1945 വരെയായിരുന്നു രണ്ടാം ലോക മഹായുദ്ധ കാലഘട്ടം.

ബ്രിട്ടീഷുകാർക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന്​ തോന്നിയാൽ വിചാരണ കൂടാതെ അവർ ആഗ്രഹിക്കുന്ന ആരെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ അനുവദിക്കുന്ന നിയമമാണ്​ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ പാസാക്കിയ റൗലത്ത് ആക്റ്റ്. പൗരത്വ ഭേദഗതി നിയമവും റൗലത്ത്​ നിയമവും ചരിത്രത്തിൽ കരിനിയമങ്ങളായി അറിയപ്പെടു​മെന്നും ഊർമിള മതോണ്ഡ്​കർ കൂട്ടിച്ചേർത്തു.

ഗാന്ധിജി മുഴുവൻ ലോകത്തിൻറെയും നേതാവാണെന്നും തന്നെ സംബന്ധിച്ചിടത്തോളം, ഹിന്ദു മതത്തെ ആരെങ്കിലും കൂടുതലായി പിന്തുടർന്നിട്ടുണ്ടെങ്കിൽ അത്​ ഗാന്ധിജിയാണെന്നും പറയുകയുണ്ടായി​. മഹാത്മാഗാന്ധിയുടെ കൊല നിര്യാണത്തിൽ, കൊല ചെയ്​തയാൾ ഒരു ഹിന്ദുവായിരുന്നെന്നും അതേകുറിച്ച്​ തനിക്ക്​ കൂടുതലൊന്നും പറയാനില്ലെന്നും ഊർമിള പ്രതികരിക്കുകയുണ്ടായി.

Content highlights: Urmila Matondkar Compare Citizenship Amendment Act With Rowlatt Act