വ്യാജ പ്രചാരണങ്ങളുമായി ജേക്കബ് വടക്കഞ്ചേരി രംഗത്ത്

Jacob Vadakkancherry again with fake propaganda

കൊറോണ വെെറസയുണ്ടോയെന്ന് സംസ്ഥാന സർക്കാർ തെളിയിക്കണമെന്ന വെല്ലുവിളിയുമായി ജേക്കബ് വടക്കഞ്ചേരി. കൊറോണയെ പേടിക്കേണ്ടതില്ലെന്നും രോഗപ്രതിരോധ ശേഷി ഉള്ളവര്‍ക്ക് രോഗം വരില്ലെന്നുമുളള വ്യാജ വീഡിയോയുമായാണ് ഇയാൾ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുൻപും ഇത്തരത്തിലുളള വ്യാജ വീഡിയോകളുമായി ജേക്കബ് വടക്കഞ്ചേരി എത്തിയിരുന്നു.

നിപ കാലത്ത് ഇത്തരത്തിലുളള വ്യാജസന്ദേശങ്ങൾ പുറത്തു വിട്ടതിനെ തുടർന്ന് ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു. കൂടാതെ പ്രളയ സമയത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പല വിധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയവര്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന നിര്‍ദേശത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്ത് വടക്കാഞ്ചേരി പ്രതിരോധ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കേരളം നിപ്പയുടെ പിടിയില്‍ അമര്‍ന്നപ്പോള്‍ നിപ്പ എന്ന വൈറസ് ഇല്ലെന്നും ഇതെല്ലാം മരുന്നുമാഫിയയുടെ തട്ടിപ്പാണെന്നും ഇയാൾ പറഞ്ഞു.
അതേ സമയം ജനങ്ങള്‍ ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണ് ചികിത്സ മുടക്കരുതെന്നും ഇത്തരം വ്യാജ പ്രചാരകര്‍ക്കെതിരെ നടപടി എടുക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

content highlights: Jacob Vadakkancherry again with fake propaganda