കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

No love jihad cases in Kerala, MHA tells Lok Sabha

കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. കോണ്‍ഗ്രസ് അംഗം ബെന്നി ബെഹന്നാന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് നേരത്തെ കേരള സര്‍ക്കാരും പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സീറോ മലബാല്‍ സഭ ലൗജിഹാദ് വിഷയം ചൂണ്ടിക്കാട്ടി പള്ളികളില്‍ ഇടയലേഖനം വായിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. കേന്ദ്രസര്‍ക്കാരിൻ്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തില്‍ ലൗ ജിഹാദ് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി മറുപടി നല്‍കി.

ലൗ ജിഹാദിന് നിയമത്തില്‍ വ്യാഖ്യാനങ്ങളില്ലെന്നും മറുപടിയില്‍ പറയുന്നു. രണ്ട് മതക്കാര്‍ തമ്മില്‍ വിവാഹം നടന്നിട്ടുണ്ട്. എന്നാല്‍ എന്‍ഐഎ വിഷയം അന്വേഷിച്ചെങ്കിലും ലൗ ജിഹാദ് കണ്ടെത്തിയില്ലെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിൻ്റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലവ് ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ നിയമപരമായി നേരിടാന്‍ കഴിയില്ലെന്ന് മനസിലായിട്ടുള്ള കാര്യമാണ്. രാഷ്ട്രീയ രംഗത്തുള്ളവരുടെ നിലപാടുകൊണ്ടാണ് അതിനുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ അനുഭവ തലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ആരോപിച്ചിരുന്നു.

Content Highlights: No love jihad cases in Kerala, MHA tells Lok Sabha