കൊറോണ വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചൈനീസ് ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു

doctor who warned about coronavirus died

ചൈനയില്‍ പടരുന്നത് ‘നോവല്‍ കൊറോണ’ എന്ന വൈറസാണെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലി വെന്‍ലിയാങ് മരണത്തിന് കീഴടങ്ങി. കൊറോണ വൈറസ് രാജ്യത്താകെ പടര്‍ന്ന് പിടിക്കുന്ന അപകടകാരിയാണെന്നും നോവല്‍ കൊറോണ വൈറസ് ന്യുമോണിയ എന്ന അസുഖമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഡോക്ടറുടെ മുന്നറിയിപ്പ് ആരോഗ്യ വകുപ്പും ലോക്കല്‍ പൊലീസും അവഗണിക്കുകയായിരുന്നു. രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാനിലായിരുന്നു ലി വെന്‍ലിയാങ് ജോലി ചെയ്തിരുന്നത്. ചൈനീസ് പോലീസ് ഇതിലിടപെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളെ ഭയപ്പെടുത്തരുതെന്ന് ലി വെന്‍ലിയാങിനെ താക്കീത് ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് വുഹാനില്‍ ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ വെന്‍ലിയാങ്. തന്നെ സന്ദര്‍ശിച്ച ഏഴ് രോഗികളില്‍ ഒരു പുതിയ തരം വൈറസ് ബാധ അദ്ദേഹം തിരിച്ചറിഞ്ഞു. 2003-ല്‍ ലോകമെമ്പാടും പടര്‍ന്നു പിടിച്ച സാര്‍സ് എന്ന വൈറസിന് സമാനമായിരുന്നു അത്. ഈ വിവരം സഹ പ്രവർത്തകരായ ഡോക്ടർമാരെ ലീ അറിയിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര്‍ അവഗണിക്കുകയായിരുന്നു. ജനുവരി പത്തോടെ ഡോ. ലീയ്‌ക്ക്‌ ചുമയും പനിയും ആരംഭിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളും രോഗബാധിതരായി.

ജനുവരി 20-നു കൊറോണ വൈറസ്‌ ബാധ ചൈനീസ്‌ സര്‍ക്കാര്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിരുന്നു. ജനുവരി 30-ന്‌ ഡോക്ടറിനും രോഗബാധ സ്ഥിരീകരിക്കുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു. ലി ജോലി ചെയ്തിരുന്ന ഹുബെ പ്രവിശ്യയിലെ വുഹാൻ സെൻട്രൽ ഹോസ്പിറ്റൽ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ സ്ഥിരീകരിച്ച അക്കൗണ്ടിൽ ഹ്രസ്വമായ ഒരു പോസ്റ്റിംഗിലൂടെയാണ് മരണം പുറത്തറിയിച്ചത്.

Content Highlights: Chinese doctor li wenliang among first to warn about coronavirus outbreak dies