ജനക്ഷേമം ലക്ഷ്യമിട്ട് ബജറ്റ് അവതരണം

Kerala budget 2020

പിണറായി സര്‍ക്കാറിൻ്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണം അവസാനിച്ചു. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന പതിനൊന്നാമത് ബജറ്റാണിത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും പൌരത്വ പ്രക്ഷോഭങ്ങളും സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റവതരണം തുടങ്ങിയത്. ജനക്ഷേമം മുൻ നിർത്തി ആരംഭിച്ച ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 12,024 കോടിയാക്കി ഉയർത്തി. ലൈഫ്​ മിഷൻ വഴി ഒരു ലക്ഷം പുതിയ ഭവനങ്ങൾ നിർമിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 100 രൂപ വർധിപ്പിച്ചത് വഴി സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾ 1300 രൂപയായി ഉയർന്നു. തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ റോഡുകൾക്കായി 1,000 കോടിയായും പൊതുമരാമത്ത് വകുപ്പിന് 1.102 കോടിയായും ഉയർത്തി. മൂലധന ചെലവ് 14,000 കോടി രൂപയായി ഉയർത്തി. നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി 40 കോടി വകയിരുത്തി.

ജിഎസ്ടി നടപ്പായപ്പോള്‍ സംസ്ഥാനം പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്നും, കിഫ്ബിയിലൂടെ സാമ്പത്തിക മാന്ദ്യം അതിജീവിക്കാമെന്ന് ആത്മ വിശ്വാസമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബി വഴി 20,000 കോടിയാണ് ഈ വർഷം ചെലവഴിക്കുന്നത്. കിഫ്ബി വഴിയുള്ള 4500 കോടിയുടെ പ്രവർത്തനം പൂർത്തിയാക്കി കഴിഞ്ഞു. 675 പദ്ധതികൾക്ക് 38,028 കോടിയുടെ അനുമതി നൽകി. വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തു നല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്ക് വേണ്ടി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 500 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്ത് ഉൽപാദിപ്പിക്കും. ടെക്നോ പാർക്കുകൾ നിർമിക്കുന്നതിന് സ്വകാര്യ കമ്പനികളെ കൂടി പ്രോത്സാഹിപ്പിക്കുമെന്നും തെരുവു ബൾബുകൾ എൽ.ഇ.ഡിയായി മാറ്റുമെന്നും ബജറ്റവതരണത്തിൽ അദ്ദേഹം വ്യക്തമാക്കി. 2020-21ലെ പുതിയ തൊഴിൽ ദാതക്കൾക്ക്​ ഒരു മാസത്തെ പി.എഫ്​ തുക സബ്​സിഡിയായി നൽകും.

കേരളാ ഫിനാൻസ് കോർപറേഷന് (കെ.എഫ്​.സി) 10 കോടി രൂപ അനുവദിച്ചു. 89,000 പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും സ്റ്റാർട്ടപ്പുകൾക്ക് കെ.എഫ്.സിയും കെ.എസ്.ഐ.ഡി.സിയും കൊളാറ്ററൽ ഗ്യാരണ്ടിയില്ലാതെ വായ്പ നൽകുന്നതിനും പദ്ധതികൾ രൂപീകരിച്ചു. സ്റ്റാർട്ടപ്പുകൾക്ക് ആസ്തി സെക്യൂരിറ്റിയില്ലാതെ വായ്പ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതി ഊര്‍ജ്ജിതമാക്കുമെന്നും 25 രൂപക്ക് ഊണ് ലഭ്യമാക്കാനുള്ള നടപടിയും വിശപ്പ് രഹിത പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്താകെ 1000 ഹോട്ടലുകൾ തുടങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്താകെ കുടംബശ്രീയുടെ നേതൃത്വത്തിൽ 50 പുതിയ ഹോട്ടലുകളും 500 ടോയ്ലറ്റ് കോംപ്ലക്സുകളും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി വകുപ്പിന് 90 കോടി രൂപയാണ് അനുവദിച്ചത്.

ആയിരം കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് ആയിരം കോടി രൂപ അനുവദിച്ചു. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. നികുതി കുടിശ്ശികക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. തര്‍ക്കത്തിലുള്ള നികുതിയില്‍ 50 ശതമാനം ഇളവും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ജൂലൈ 31നകം അപേക്ഷ നല്‍കണം. പിഴയും പലിശയും ഒഴിവാക്കും. കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ചരക്കു വാഹനങ്ങളുടെ നികുതി 25% കുറയ്ക്കുകയും ചെയ്തു.

ഇലക്ട്രിക്‌ വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചു വര്‍ഷത്തില്‍ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജല ഗതാഗത വകുപ്പിന് 111 കോടി രൂപയാണ് അനുവദിച്ചത്. അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 1450 രൂപയ്ക്ക് നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ യാത്ര സാധ്യമാകുന്നതാണ് അതിവേഗ റെയില്‍. മൂന്നു വര്‍ഷത്തിനകം പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മറികടക്കാനാകുമെന്ന പ്രതീക്ഷയാണ് ഈ സമ്പൂർണ്ണ ജനകീയ ബജറ്റിലൂടെ ധനമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിന് രംഗത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് അദ്ദേഹം ബജറ്റ് അവതരണം അവസാനിപ്പിച്ചത്.

Content Highlights: Kerala budget 2020