ചൈനയിൽ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആയിരം കടന്നു

coronavirus kills over 1000 in china

ചൈനയിൽ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ചൊവ്വാഴ്ച പുറത്ത് വന്ന റിപ്പോർട്ടനുസരിച്ച് ഇതുവരെ 1011 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയത്. പുതിയതായി 2,097 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 42,200 ആയി. പ്രസിഡൻ്റ് ഷി ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യ പ്രവർത്തകരെയും സന്ദർശിക്കുകയും പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകുകയും ചെയ്തു.

വുഹാന്‍ തലസ്ഥാനമായ ഹ്യൂബൈയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്  ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇതിനോടകം തന്നെ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയില്‍ കേരളത്തിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 3367 പേരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ ബാധ സംശയിക്കപെടുന്ന കുടുംബങ്ങൾക്ക് മാനസിക പിന്തുണയ്ക്കായി 215 അംഗങ്ങളെയും ഏർപ്പെടുത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിര്‍ദേശത്തില്‍ ബ്രൂസ് ഐല്‍വാര്‍ഡിൻ്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വിദഗ്ധസംഘം ചൈനയിലെത്തിയിട്ടുണ്ട്. 2014- 2016 കാലഘട്ടത്തിൽ ആഫ്രിക്കയിൽ നടന്ന എബോള വ്യാപനത്തിനെതിരെ പ്രവർത്തിച്ച സംഘത്തിലെ സാരഥിയാണ് ബ്രൂസ്.

Content Highlights: coronavirus kills over 1000 in china