സിഎഎക്കെതിരെ പ്രതിഷേധിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കേടതി

ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാൻ അനുമതി നിഷേധിച്ചതിനു പിന്നാലെ ഒരു സംഘം ആളുകൾ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിൻ്റെ നിർണ്ണായക നിരീക്ഷണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്താൻ ജനുവരി 21ന് പോലീസും ജനുവരി 31ന് മജിസ്‌ട്രേട്ടുമാണ് അനുമതി നിഷേധിച്ചത്.മജല്‍ഗാവിലെ ഓള്‍ഡ് ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു പ്രതിഷേധക്കാർ തീരുമാനിച്ചിരുന്നത്. സമാധാനപരമായി പ്രതിഷേധിക്കുക എന്നതു മാത്രമായിരുന്നു ഹര്‍ജിക്കാരനും കൂടെയുള്ളവരും ആഗ്രഹിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി.

ഇതേ തുടർന്നാണ് പ്രതിഷേധിക്കാനുള്ള അനുമതി കോടതി ഇവർക്ക് നൽകിയത്. ജസ്റ്റിസുമാരായ ടി.വി. നലാവഡെ, എം.ജി.സെവ്‌ലിക്കര്‍ എന്നിരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു എന്നതു കൊണ്ട് മാത്രം ആരെയും ദേശ വിരുദ്ധരെന്നും രാജ്യദ്രോഹികളെന്നും വിളിക്കാനാകില്ലെന്നും, ഇതൊരു പ്രതിഷേധ പ്രകടനം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ച പോലീസിൻ്റെയും മജിസ്‌ട്രേറ്റിൻ്റെയും ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു.

Content Highlights; bombay highcourt says that peacefull protesters can’t be called traitors or anti nationals