അമിത് ഷായുടെ വീടിനു നേരെ ഷഹീൻ ബാഗ് സമരക്കാരുടെ മാർച്ച്

അമിത് ഷായുടെ വീട്ടിലേക്ക് ഷഹീൻ ബാഗ് സമരക്കാരുടെ മാർച്ച്. കഴിഞ്ഞ രണ്ട് മാസത്തോളമായി ഡൽഹിയിലെ ഷഹീൻ ബാഗിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി ഇവരുമായി ചർച്ചകൾ നടത്തുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും അത് നടക്കാത്ത സാഹചര്യത്തിലാണ് മാർച്ചുമായി പ്രതിഷേധക്കാർ അമിത് ഷായുടെ വീട്ടിലെക്കെത്തിയിരിക്കുന്നത്. പൌരത്വ നിയമം പിൻവലിക്കുക എന്നതാണ് ഇവരുടെ ആവശ്യം. മാർച്ച് നർത്തുന്നതുമായി ബന്ധപ്പെട്ട് സമരക്കാർ ഇന്നലെ പോലീസിന് അപേക്ഷ നൽകിയിരുന്നു എങ്കിലും പോലീസ് അത് നിരാകരിക്കുകയായിരുന്നു. മന്ത്രിയുടെ വസതിയിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ പൊലീസ് ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്.

അമിത് ഷായുടെ വസതിയിലും പ്രദേശത്തുമായി കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ബാനറുകളും പതാകകളുമായി സ്ത്രീകളടക്കമുള്ളവരുടെ മാർച്ചാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഏകദേശം 5000 പേരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ തന്നെ നേരിട്ട് കാണൻ അമിത് ഷാ പറഞ്ഞിരുന്നവെന്ന് സമരക്കാരിൽ ഒരാൾ പറഞ്ഞിരുന്നു. എന്നാൽ അമിത് ഷാ മറുപടി നൽകേണ്ടത് പ്രതിനിധികൾക്കല്ല മറിച്ച് എല്ലാവർക്കുമാണെന്നും പ്രതിനിധി സംഘത്തിൽ ഞങ്ങൾ എല്ലാവരും അംഗങ്ങളാണന്നും അവർ വ്യക്തമാക്കി. ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ബാഗിൽ സമരം ആരംഭിക്കുന്നത്. സി.എ.എ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിൻ്റെ മുൻ നിരയിലുള്ളത് സ്ത്രീകളാണ്.