രാത്രിയിലും സ്ത്രീകൾക്ക് സുരക്ഷിതമായി നിരത്തിലിറങ്ങാൻ വനിത സൗഹാർദ സോണുകൾ ഒരുക്കി ബെംഗളൂരു സിറ്റി പൊലീസ്. സ്ത്രീകൾ പോകാൻ മടിയുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ പ്രയഭേദമന്യെ ചെലവഴിക്കാൻ സാഹചര്യമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പതിനാല് ദിവസമാണ് കാമ്പെയ്ൻ നടത്തുന്നത്. രാത്രി ഏഴ് മുതൽ പത്തുമണി വരെ സിറ്റിയിൽ പോകാൻ മടിക്കുന്ന സ്ഥലങ്ങളിലേക്ക് കടന്നുവരാൻ സ്ത്രീകളെ ഇതുവഴി ക്ഷണിച്ചിരിക്കുകയാണ് ബെംഗളൂരു പൊലീസ്.
ഈ കാമ്പെയ്ൻ രാത്രി സഞ്ചാരത്തിന് കൂടുതൽ സ്ത്രീകൾക്ക് അത്മവിശ്വാസം പകരുമെന്നാണ് പൊലീസിൻറെ വിലയിരുത്തൽ. പദ്ധതിയുടെ ഭാഗമായി വഴിവിളക്കുകള്‍ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് അന്യമായികൊണ്ടിരിക്കുന്ന രാത്രി സഞ്ചാരങ്ങൾ ലഭ്യമാക്കാനാണ് ഉദ്ദേശം. ബെംഗളൂരുവിൽ പുരുഷന്മാർ കൂടുതലായും ചെലവഴിക്കുന്ന ഡയറി സർക്കിൾ, കോരമംഗള ബിഡിഎ കൊംപ്ലക്സ്, മാഡിവാല മാർക്കറ്റ് സ്ട്രീറ്റ് എന്നിവടങ്ങളിൽ സ്ത്രീകൾക്ക് സഞ്ചരിക്കാൻ പ്രത്യേക സുരക്ഷ ഒരുക്കും. മാർച്ച് എട്ടാം തീയ്യതി വരെയാണ് വനിത സൗഹാർദ സോണുകൾ ഒരുക്കുക. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകൾക്ക് അവരുടെ ഇടം വീണ്ടെടുക്കുന്നതിനും ഇത്തരം വനിത സൗഹാർദ സോണുകൾ സഹായിക്കുമെന്ന് സിസിപി അറിയിച്ചു.
content highlights: Bengaluru police set to launch women hangout zones